കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങൾ വർധിച്ചുവരികയാണെന്നും ഇത് നിയമവാഴ്‌ചയെ തകിടം മറിക്കുമെന്നും സമാന്തര സമൂഹങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിലയിരുത്തി.

ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ പോസ്റ്റിട്ടാൽ അതിനെതിരെ പൊലീസിനെ സമീപിക്കാതെ അതേ രീതിയിൽ പ്രതികരിക്കുകയും ഇത് അനന്തമായി തുടരുകയുമാണ് ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂകമാവണമെന്നും നിലവിലെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

Read Also: എത്രയോ ഗർഭഛിദ്രങ്ങൾ, വർഷങ്ങളുടെ കാത്തിരിപ്പ്, സങ്കടക്കടൽ നീന്തി ഒടുവിൽ അവൾ എത്തിയപ്പോൾ; ശിൽപ്പ ഷെട്ടി പറയുന്നു

അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ നമോ ടിവി അവതാരക ശ്രീജ പ്രസാദ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതി നടത്തിയ പരാമർശങ്ങൾ നീതികരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. എന്നാൽ, ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിലെ പ്രതികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്തും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പരിഗണിച്ചും കർശന ഉപാധികളോടെ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.

വിവര സാങ്കേതിക നിയമത്തിന്റെ പരിധിയിൽ വരാത്ത ചില വസ്തുതകളും ഉയർന്നു വരുന്നതിനാൽ ഇക്കാര്യത്തിൽ നിയമ നിർമാണത്തിന് സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകണമെന്നും കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.