കൊച്ചി: തങ്ങളുടെ പ്രിയ സുഹൃത്തിനേറ്റ ദൗർഭാഗ്യകരമായ അനുഭവം ആഴത്തിലാണ് സിനിമാ താരങ്ങളെ നടുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് നടക്കുന്ന ഇടത്ത് നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഷൂട്ടിംഗ് സ്ഥലത്തേക്കുമുള്ള യാത്രകളിൽ സുരക്ഷ ഇവരുടെയെല്ലാം പ്രധാന പ്രശ്നമാണ്. പ്രമുഖ നടി ആക്രമിക്കപ്പെടുന്പോൾ ഈ വാർത്തയിൽ പകച്ചുപോയ താരങ്ങൾ പലരും നടിക്ക് പിന്തുണ നൽകാനുള്ള അഭ്യർത്ഥനയുമായി രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലെ ഇവരുടെ പ്രതികരണങ്ങിൽ ചിലത് വൈറലായി മാറുകയും ചെയ്‌തു.

നടിക്കെതിരായ വാർത്തകൾ കൈകാര്യം ചെയ്‌തതിന് പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് നടി റിമ കല്ലിങ്കൽ പ്രതികരിച്ചത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ പ്രമുഖ മാധ്യമപ്രവർത്തകനോട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടി രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ സ്ഥാപനം സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു.

സംഭവത്തിൽ മലയാളത്തിലെ പുരുഷ താരങ്ങളിൽ ആദ്യം പ്രതികരണവുമായി മുന്നോട്ട് വന്നത് പൃഥ്വിരാജാണ്. മൂർച്ചയേറിയ വാക്കുകളിൽ പ്രതിഷേധം ഉയർത്തിയാണ് നടൻ പ്രതികരിച്ചത്. നടിക്കൊപ്പം അവസാനം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവർക്ക് വേണ്ട പിന്തുണ സമൂഹത്തോട് ആവർത്തിച്ചു. “മറ്റൊരാളുടെ ദൗർഭാഗ്യം ആഘോഷിക്കാൻ ഒരാളെയും അനുവദിക്കരുതെ”ന്ന് വ്യക്തമാക്കിയ പൃഥ്വിരാജിന്റെ പോസ്റ്റിൽ നടിക്കുള്ള പിന്തുണയും വ്യക്തമാക്കിയിരുന്നു.”

അതിനിടെ സംവിധായകൻ ആഷിക്ക് അബു തുടങ്ങിവച്ച ഹാഷ് ടാഗ് കാംപെയ്ൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഈ ഹാഷ് ടാഗിൽ പ്രതികരണവുമായി പ്രമുഖ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് രംഗത്ത് വന്നു. തന്റെ സഹോദരി “ഇരയല്ലെന്നും, അവർ ധീരതയുടെ പ്രതീകമാണ്” എന്ന് കുറിച്ച ഗീതു പ്രതികളുടെ വൃഷണ സഞ്ചി ഉടച്ചുകളയണമെന്ന് ഇംഗ്ലീഷിൽ അവർ കുറിച്ചു.

“ഒരു ദിവസം മൗനമായിരുന്നത് ഈ ദൗർഭാഗ്യകരമായ സന്ദർഭത്തിൽ നടിയുടെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണെ”ന്ന് ദുൽഖർ സൽമാൻ കുറിച്ചു. “സ്ത്രീയെ ബഹുമാനിക്കുന്പോഴാണ് പുരുഷൻ, പുരുഷനാകുന്നതെ”ന്ന് കുഞ്ചാക്കോ ബോബനും എഴുതി.

എന്നാൽ സിനിമ രംഗത്തെ സൂപ്പർസ്റ്റാറുകൾ സംഭവത്തിൽ നടിയെ ആശ്വസിപ്പിച്ച് മുന്നോട്ട് വരാത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ആളുകൾ, ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെയാണ് നവ മാധ്യമങ്ങളിൽ ആളുകൾ വിമർശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ