കൊച്ചി: മലയാളത്തിലെ രണ്ട് പ്രമുഖ വാർത്ത ചാനലുകൾക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കിനെതിരെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളിലെ പ്രമുഖർ രംഗത്ത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഷ്യനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയത്.

ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു സംഭവത്തിൽ കോൺഗ്രസിന്റെ പരിഹാസം. ഡൽഹി കലാപം സംബന്ധിച്ച വിഷയങ്ങളില്‍ ചർച്ചയ്ക്ക് തയ്യാറാകത്ത ബിജെപി സർക്കാർ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബി.ജെ.പിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

‘മലയാളം ചാനലുകൾക്ക് എങ്ങനെയാണ് ഡൽഹിയിലെ സാമൂദായിക വികാരങ്ങളെ കത്തിക്കാന്‍ കഴിയുകയെന്ന’ ചോദ്യമാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ചോദിച്ചത്. മികച്ച, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങളാണ് ഏഷ്യാനെറ്റ്‌ ന്യൂസ്, മീഡിയവണ്‍ എന്നും തരൂര്‍ അഭിപ്രായപെട്ടു.

‘ഫോര്‍ത്ത് എസ്റ്റേറ്റ്‌ എന്നത് ജനാധിപത്യത്തിനെ താങ്ങുന്ന തൂണ്‍ ആണെന്നും പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് തീര്‍ത്തും അപലപനീയമാണ് എന്നും’ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

‘മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കം ആശങ്കാജനകവും അപലപനീയവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നാലാമത്തെ എസ്റ്റേറ്റായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ തൂണാണ്. വാർത്ത ചാനലുകളെ നിരോധിക്കുന്നത് മാധ്യമങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി കലാപത്തിൽ ഹിന്ദുത്വ ബ്രിഗേഡുകളുടെ പങ്ക് തുറന്ന് കാണിച്ചതിനെതിരെയാണ് മലയാളം ചാനലുകളെ വിലക്കിയിരിക്കുന്നതെന്നു മന്ത്രി തോമസ് ഐസക് ആരോപിച്ചു.

Also Read: ചാനലുകളുടെ സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടി അപലപനീയം: പത്രപ്രവര്‍ത്തക യൂണിയന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.