scorecardresearch

'സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നു'; നിരാഹാരം അവസാനിപ്പിച്ച് ദയാബായി

അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു

അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു

author-image
WebDesk
New Update
Daya Bai, Endosulfan issue, Hunger strike, Veena George

എൻഡോസൾഫാൻ രോഗികൾക്കു നീതി തേടി നിരാഹാരസമരം നടത്തിയ ദയാബായിയെ മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നതായും അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

Advertisment

മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുവരും ചേര്‍ന്ന് നല്‍കിയ വെള്ളം കുടിച്ചാണു ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയ ദയാബായിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റുകായിരുന്നു.ആശുപത്രിയിലും അവര്‍ സമരം തുടര്‍ന്നു. ഇതിനു പിന്നാലെ, വിഷയത്തില്‍ നല്‍കിയ ഉറപ്പുകളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയതോടെയാണു ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചത്. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Advertisment

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ചര്‍ച്ചകളാണ് നടത്തിയത്. അതവര്‍ക്ക് രേഖാമൂലം നല്‍കി. അതില്‍ ചില അവ്യക്തകളുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുമായും ദയാബായിയുമായും ആശയ വിനിമയം നടത്തി. അതിന്റെ അടിസ്ഥനത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ തന്നെ കൂടുതല്‍ വ്യക്തത വരുത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അതിന്റെ ഭാഗമായാണു രണ്ടു മന്ത്രിമാര്‍ ഇടപെട്ടതും ചര്‍ച്ച നടത്തിയതും ഉറപ്പുകള്‍ രേഖാമൂലം നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. അതിന്റെ ഭാഗമായ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കു നല്‍കുന്നത്. അത് തുടരും.

ദയാബായി ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. ഒരാവശ്യം എയിംസുമായി ബന്ധപ്പെട്ടതാണ്. അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ (മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി) എന്റോസല്‍ഫാന്‍ ദുരിതബാധിതര്‍ക്കു പ്രത്യേക മുന്‍ഗണന ഉറപ്പാക്കും. ഇത് ഇപ്പോള്‍ തന്നെ നിലവിലുള്ളതാണ്. തുടര്‍ന്നും ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി പൂര്‍ണ സജ്ജമാകുമ്പോള്‍ അവിടെയും സമാന സൗകര്യങ്ങള്‍ ഒരുക്കും. ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നതു പരിഗണിക്കും.

പകല്‍ പരിചരണ കേന്ദ്രത്തിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബഡ്‌സ് സ്‌കൂളുകള്‍ പകല്‍ പരിചരണ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കും.

ഇത്രയും കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. ഇതിലൊന്നും അവ്യക്തതകളില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കും. ഈ സാഹചര്യം മനസിലാക്കി സമരത്തില്‍നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Endosulfan Hunger Strike Kasargod Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: