കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കു നേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍വച്ചാണ് ഇന്ന് ആക്രമണമുണ്ടായത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന ചിലര്‍ മോശമായി പെരുമാറിയെന്നും ഇതിലൊരാള്‍ തന്നെ ആക്രമിച്ചുവെന്നുമാണു ബിന്ദുവിന്റെ പരാതിയില്‍ പറയുന്നതെന്ന് വെള്ളയില്‍ സ്റ്റേഷന് ഓഫീസര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. കുറ്റാരോപിതനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആക്രമണം സംബന്ധിച്ച് നാല് വിഡിയോകള്‍ ബിന്ദു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിച്ചയാള്‍ സ്കൂട്ടറിനു പിന്നിലിരുന്ന് വന്ന ബിന്ദുവിനോട് എന്തോ പറയുന്നതാണ് വിഡിയോയില്‍ ഒന്ന്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച അക്രമി ബിന്ദുവിനെ മര്‍ദിക്കുന്നതും നിലത്തിട്ട് തള്ളിയിട്ട് ആക്രമിക്കുന്നതുമാണു മറ്റു വിഡിയോകളില്‍. ഇതിനെ ബിന്ദു ചെറുക്കുന്നതും അക്രമിയുടെ ഫോണ്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന് അക്രമികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നു ബിന്ദു ഇന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്. ”എന്നെ ആക്രമിക്കുന്നവരെ ഞാന്‍ തന്നെ നേരിടാമെന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തുവെന്ന് പറഞ്ഞു വരേണ്ട. മറ്റു നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ,” എന്ന് ഈ കുറിപ്പില്‍ പറഞ്ഞിരുന്നു.
അടുത്തിടെ ബിന്ദുവിനെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ബിന്ദു താമസിക്കുന്ന കൊയിലാണ്ടിക്കടുത്ത പൊയില്യില്ക്കാവാവില് ഡിസംബര്‍ പതിനെട്ടിനു രാത്രിയായിരുന്നു ആക്രമണം. പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍സ് ഷോപ്പ് അടച്ചു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന ബിന്ദുവിന്റെ ദേഹത്തേക്കു എതിര് ദിശയില്‍ വന്ന ഓട്ടോ ബിന്ദുവിനെ ഇടിക്കുകയായിരുന്നു.
മുഖമിടിച്ചാണ് നിലത്തുവീണ് ഗുരുതര പരുക്കേറ്റ ബിന്ദു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയ ആദ്യ യുവതികളിലൊരാളായ ബിന്ദുവിനു നേരെ മുന്‍പും പലതവ ആക്രമണം നടന്നിട്ടുണ്ട്. 2019 നവംബറില്‍ എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ വച്ച് മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. പൊയില്‍ക്കാവില്‍ രാത്രി കോഴിക്കോട്ടേക്കു വരുന്നതിനിടെ ബസ് ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തിലും ബിന്ദു പരാതി നല്‍കിയിരുന്നു.
സാമൂഹ്യപ്രവര്‍ത്തനത്തിനൊപ്പം നിയമാധ്യാപികയായി ജോലി ചെയ്യുന്ന ബിന്ദുവിനു പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം നിരന്തരമായ സൈബര്‍ അക്രമണങ്ങളും ബിന്ദു നേരിട്ടു കൊണ്ടിരിക്കുകയാണ്.