ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് ചെങ്ങന്നൂരിൽ കനത്ത തിരിച്ചടി. കോൺഗ്രസ് നേതാവ് ശോഭന ജോർജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർത്ഥി സജി ചെറിയാന് വേണ്ടി ശോഭന പ്രചാരണത്തിനിറങ്ങും. ഇന്നാരംഭിക്കുന്ന സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ശോഭനയും പങ്കെടുക്കും.

മൂന്ന് വട്ടം ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ശോഭന ജോർജ് എംഎൽഎ. 1991, 1996, 2001 കാലത്ത് തുടർച്ചയായി ശോഭന ഇവിടെ ജയിച്ചുകയറി. പിന്നീട് പി.സി.വിഷ്ണുനാഥ് സ്ഥാനാർത്ഥിയായതോടെ കോൺഗ്രസിൽ നിന്ന് ശോഭന തഴയപ്പെട്ടു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനെതിരെ പരസ്യമായി രംഗത്ത് വന്ന ശോഭന ജോർജ് 3000 വോട്ടാണ് ഇവിടെ നേടിയത്. ഇതോടെ ബിജെപിയോട് രണ്ടാം സ്ഥാനത്തിന് വേണ്ടി കോൺഗ്രസിന് ശക്തമായി മൽസരിക്കേണ്ടി വന്നിരുന്നു.

ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ പരമാവധി പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. ചെങ്ങന്നൂരിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. ബിജെപി പി.എസ്.ശ്രീധരൻപിളളയെ ഒരിക്കൽ കൂടി രംഗത്തിറക്കിയപ്പോൾ ഡി.വിജയകുമാറിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ