തിരുവനന്തപുരം: ബിജെപി ദേശിയ നിർവാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിച്ച് ശോഭാ സുരേന്ദ്രന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന് തന്റെ നിലപാട് അറിയിച്ചത്. ഇതുവരെ പദവികള്‍ക്ക് പുറകെ പോയിട്ടില്ലെന്നും പദവികളിലേക്കുള്ള പടികള്‍ തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്നും ശോഭ പറഞ്ഞു.
“ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ കലര്‍പ്പില്ലാതെ നിറവേറ്റിയെന്ന് ഉറച്ചുവിശ്വസിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ചവര്‍ നമുക്ക് മുന്നിലുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം,” ശോഭാ സുരേന്ദ്രന് പറഞ്ഞു.
തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചുനിന്ന പ്രഹ്ളാദനെയും, പ്രഹ്ളാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പും ശോഭാ സുരേന്ദ്രന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നല്കുന്നു.