ന്യൂഡൽഹി: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ വീണ്ടും ബിജെപി. ബിജെപി ദേശീയ നേതാവ് ശോഭ സുരേന്ദ്രനാണ് ജന്ദർമന്ദിറിൽ ഗവർണർ പി.സദാശിവത്തിനെതിരെ വിമർശനമുന്നയിച്ചത്. പിണറായി വിജയനെ പേടിയാണെങ്കിൽ സ്ഥാനം വിട്ടൊഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്.

കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി ഡൽഹിയിലെ ജന്ദർ മന്ദിറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

“കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ബഹുമാനപ്പെട്ട കേരള ഗവർണർ അങ്ങിരിക്കുന്ന കേസരയിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സാമാന്യ മര്യാദ കാണിക്കണം” എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇന്നലെ ബിജെപി സംഘം ഗവർണർ പി.സദാശിവത്തെ രാജ് ഭവനിൽ സന്ദർശിച്ച ശേഷം കണ്ണൂരിൽ സായുധസേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യമുന്നയിച്ച് ഇവർ നൽകിയ പരാതി ഗവർണർ പി.സദാശിവം അടിയന്തിര നടപടി സ്വീകരിക്കണമെന്ന കുറിപ്പോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഇതേ തുടർന്നാണ് ബിജെപി നേതാക്കൾ ഗവർണർക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിക്ക് പരാതി കൈമാറാൻ ബിജെപി ക്ക് ഇടനിലക്കാരനെ ആവശ്യമില്ലെന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഇന്നലെ തന്നെ തന്റെ ഫേയ്സു്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.