പമ്പ: ഐജി മനോജ് എബ്രഹാമിന് ശബരിമലയിൽ ചുമതല നൽകിയത് ഗൂഢ ഉദ്ദേശ്യത്തോടെയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭക്തരെ തല്ലിച്ചതക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നല്‍കിയിരിക്കുന്നതെന്നും ശോഭ പറഞ്ഞു.

‘ഭക്തർക്കെതിരെ പൊലീസ് നടപടിയുണ്ടായാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. ഭക്തരെ തല്ലിച്ചതക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നൽകിയിട്ടുള്ള നിർദ്ദേശം. ഭക്തർ പ്രതിഷേധിക്കുന്ന പന്തൽ പൊളിച്ചുമാറ്റിയതും, നിലവിളക്കും കസേരയും എടുത്തുമാറ്റിയതും ഗൂഢലക്ഷ്യത്തോടെയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവിടെ ലാത്തിചാർജ് നടത്തിയത്. ശബരിമലയിലേക്ക് വരുന്നവർക്ക് സുരക്ഷ ഒരുക്കുന്നതുപോലെ സമരം ചെയ്യുന്ന ഭക്തർക്ക് സുരക്ഷ ഒരുക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തുലാമാസ പുജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാവുമെന്നാണ് ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുളളത്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ആരും പരിശോധിക്കാന്‍ മുതിരില്ല. ആവശ്യമുള്ളവര്‍ക്കെല്ലാം പൊലീസ് സുരക്ഷ നല്‍കുമെന്നും ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

ശബരിമലയുടെ പ്രദേശത്ത് ഒരുതരത്തിലുള്ള സമരവും അനുവദിക്കില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലില്‍ ഇന്നലെയും ഇന്നുമായി ഭക്തരെ തടഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 11 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. പൊലീസ് വിന്യാസം പൂര്‍ണമായും ഇന്നാണു നടപ്പാക്കിയത്. പ്രതിഷേധക്കാരുടെ എണ്ണത്തിന് അനുസരിച്ച് പൊലീസിനെ വിന്യസിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ