കൊച്ചി: വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിച്ച വീട്ടമ്മ ശോഭ സാജു വീണ്ടും കോടതിയിലേക്ക്. തന്റെ മക്കളെ ഒന്ന് കാണാനോ സംസാരിക്കാനോ സാധിക്കാത്ത വിധം അകറ്റിയവർക്കെതിരെയാണ് ശോഭ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.

ഭർത്താവിന്റെ വാക്ക് കേട്ട് തന്നെ മനോരോഗിയാക്കി മാറ്റിയ ചൈൽഡ് ലൈനിനെതിരെയാണ് ശോഭ സാജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. ചൈൽഡ് ലൈൻ കോടതിയിൽ നൽകിയ ഈ റിപ്പോർട്ടാണ് ഇവർക്ക് കുട്ടികളെ കാണാൻ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാക്കിയത്.

ദൃശ്യത്തിനൊപ്പം ഇവരുടെ പേര് അടിക്കുറിപ്പായി നല്‍കിയാണ് രണ്ട് വര്‍ഷം മുമ്പ് വാട്ട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാൽ ദൃശ്യങ്ങൾ ഇവരുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭര്‍ത്താവും, സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ശോഭയുടെ പേര് അടിക്കുറിപ്പായി നഗ്ന ദൃശ്യങ്ങൾ പ്രചരിച്ചത്.

ദൃശ്യങ്ങൾ ശോഭയുടേതാണെന്ന് വിശ്വസിച്ച ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. ഭാര്യ തന്നെ മനപ്പൂർവ്വം ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണെന്ന് ഭർത്താവ് കുറ്റപ്പെടുത്തി. വീഡിയോ തന്റേതല്ലെന്ന് ശോഭ പറഞ്ഞെങ്കിലും ഇവർ വിശ്വസിച്ചില്ല. മുഖം മറയ്ക്കാതെ മനോരമ ന്യൂസ് ചാനലിൽ അഭിമുഖത്തിൽ സംസാരിച്ച ശോഭ, തന്റെ ഭാഗം വിശദീകരിച്ചതോടെയാണ് ഇത് ജനങ്ങൾ അറിഞ്ഞത്.

പിന്നീട് സൈബര്‍ സെല്ലിന് ശോഭ പരാതി നല്‍കി. ഫോറന്‍സിക് പരിശോധനകളില്‍ ദൃശ്യങ്ങളിലെ സ്ത്രീ ശോഭയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കാണാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക്കിന്റെ സഹായം തേടിയത്.

ശോഭ മർദ്ദിച്ചെന്ന പരാതിയിൽ കുട്ടികളിലൊരാളെ ആശുപത്രിയിലാക്കിയ ഭർത്താവാണ് ചൈൽഡ് ലൈനിനോട് ഭാര്യയ്ക്ക് മാനസിക രോഗമാണെന്ന് പറഞ്ഞത്. കൂടുതൽ അന്വേഷണം ഒന്നും നടത്താതെ ഭർത്താവിന്റെ വാക്കുകളെ പൂർണ്ണമായി വിശ്വസിച്ച് ചൈൽഡ് ലൈൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ചൈൽഡ് ലൈൻ ഈ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ മാസത്തിൽ രണ്ട് തവണ കുട്ടികളെ കാണാൻ ശോഭയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാൽ പിന്നീടിത് വരെ മക്കളെ കാണാൻ നിരപരാധിയായ ഈ സ്ത്രീക്ക് സാധിച്ചില്ല.

കേസിൽ ഭർത്താവ് അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. ശോഭയുടെ മൊഴി പ്രകാരം ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.