മൂന്നാർ: മൂന്നാറിനെ അതിശൈത്യം പിടിമുറുക്കുകയാണ്. സമീപകാല ചരിത്രത്തിൽ വച്ചേറ്റവും താഴ്ന്ന താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മൈനസ് നാലു ഡിഗ്രിയായിരുന്നു താപനില. ഇതിനു മുൻപ് 2009 ജനുവരി ഒന്നിനാണ് മൂന്നാറിന് അടുത്തുള്ള സെവൻമലൈയിൽ മൈനസ് നാലു ഡിഗ്രി രേഖപ്പെടുത്തിയത് ചുണ്ടവരൈ (-4), സൈലന്റ് വാലി (-2), പെരിയവരൈ (-2), കന്യമലൈ (-2), സെവൻമലൈ (-2), മാട്ടുപെട്ടി (-1) എന്നിങ്ങനെയായിരുന്നു ഇന്നത്തെ താപനില. ഞായറാഴ്ച മൈനസ് ഒരു ഡിഗ്രിയായിരുന്നു മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും താപനില.
അതിശൈത്യം തുടരുന്ന മൂന്നാറിലേക്കു സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. ശനിയാഴ്ച രാവിലെ താപനില മൈനസ് മൂന്നു ഡിഗ്രിയിലേക്കു താഴ്ന്നതോടെ മൂന്നാറും പരിസര പ്രദേശങ്ങളുമെല്ലാം മഞ്ഞിന്റെ പുതപ്പണിഞ്ഞ നിലയിലാണ്. ചെണ്ടുവര, ചിറ്റുവര, ളാക്കാട് എന്നിവിടങ്ങളിലാണ് ശനിയാഴ്ച താപനില മൈനസ് മൂന്നു ഡിഗ്രി രേഖപ്പെടുത്തിയത്. താപനില വീണ്ടും വീണ്ടും താഴാന്‍ തുടങ്ങിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുകയാണ്.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചു തുടങ്ങിയ സന്ദര്‍ശക പ്രവാഹം മഞ്ഞുവീഴ്ചയും തണുപ്പും തുടരുന്നതിനാല്‍ ജനുവരി ആദ്യവാരം പിന്നിട്ടിട്ടും തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ തണുപ്പുകാലാവസ്ഥ തുടരുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതു മൂന്നാറിലാണ്. തണുപ്പു കാലാവസ്ഥ തുടരുന്നതിനാല്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം വരുംനാളുകളിലും തുടരാനാണ് സാധ്യതയെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.ജോര്‍ജ് പറയുന്നു.
മഞ്ഞുവീണു കിടക്കുന്നതു കാണാനും ഫോട്ടോയെടുക്കാനുമാണ് പ്രധാനമായും സഞ്ചാരികളെത്തുന്നത്. അതേസമയം, പ്രളയത്തിന്റെ കെടുതികളില്‍ നിന്നു മാറി വരുന്ന മൂന്നാറിന് അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ആഘാതമുണ്ടാക്കുന്നുണ്ട്. മൂന്നാറിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന സീസണാണിത്. ഒരു ദിവസം പോലും നഷ്ടപ്പെടുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ മൂന്നാര്‍ ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം, ജോര്‍ജ് പറഞ്ഞു.
മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ റോഡിനു സമീപം തീ കത്തിച്ചു തണുപ്പകറ്റുന്നവരുമുണ്ട്. അതേസമയം, മൂന്നാറിലേക്കുള്ള സന്ദര്‍ശക പ്രവാഹം വന്‍തോതില്‍ വര്‍ധിച്ചെങ്കിലും കൂടുതലായെത്തുന്നത് മലയാളികളാണെന്ന് മൂന്നാറില്‍ കരകൗശല സാധനങ്ങള്‍ വില്‍ക്കുന്ന ജോസഫ് പറയുന്നു. ”മലയാളികളില്‍ ഭൂരിഭാഗവും സാധനങ്ങള്‍ ഒന്നും തന്നെ വാങ്ങാറില്ല. മൂന്നാര്‍ തിരിച്ചുവന്നെന്ന വാര്‍ത്ത പുറത്തുവരാത്തതാവാം വിദേശ, നോര്‍ത്ത് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വന്‍തോതിലുള്ള പ്രവാഹം ഉണ്ടാകാത്തതിനു കാരണം. വിദേശ, നോര്‍ത്ത് ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തിയാലാണ് ഞങ്ങളെപ്പോലുള്ളവര്‍ക്കു മെച്ചപ്പെട്ട കച്ചവടം ലഭിക്കുക,” അദ്ദേഹം പറഞ്ഞു.
മഞ്ഞില്‍ മുങ്ങിയ മൂന്നാർ കാണാന്‍ ടൂറിസ്റ്റുകളുടെ പ്രവാഹം തുടരുമ്പോഴും തേയില പ്ലാന്റേഷന്‍ മേഖലയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായുളള മഞ്ഞുവീഴ്ച കനത്ത നഷ്ടമാണുണ്ടാക്കുന്നത്. മഞ്ഞുവീഴ്ചയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ 828 ഹെക്ടര്‍ സ്ഥലത്തെ തേയിലയാണ് ഇതുവരെ കരിഞ്ഞു നശിച്ചത്. 6.31 ലക്ഷം കിലോ തേയില ഉല്‍പ്പാദിപ്പിക്കാനുള്ള കൊളുന്താണ് മഞ്ഞുവീഴ്ചയില്‍ നശിച്ചത്. തേയിലച്ചെടിയില്‍ മഞ്ഞുവീണതിനു ശേഷം വെയില്‍ അടിക്കുമ്പോള്‍ ഇലകള്‍ കരിഞ്ഞുപോവുകയാണ് പതിവ്. ഇതാണ് മേഖലയ്ക്കു നഷ്ടമുണ്ടാക്കുന്നത്.