കൊച്ചി: ഒരു ഇടവേളയ്ക്കു ശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. ഇന്ന് ചെണ്ടുവരയിലും മാട്ടുപ്പെട്ടിയിലും ഇന്നും പൂജ്യത്തിനും താഴെയാണ് താപനില. ചൊവ്വാഴ്ച രാവിലെ ഒരു മാസത്തിനിടെ മൂന്നാംതവണയും ചെണ്ടുവരയില്‍ താപനില മൈനസ് 4 രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്നു മുതല്‍ 12 വരെ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടര്‍ന്ന ശേഷം ജനുവരി 13 മുതല്‍ താപനില മെല്ലെ ഉയര്‍ന്നു തുടങ്ങിയെങ്കിലും നാലു ദിവസത്തിനു ശേഷം വീണ്ടും താപനില വീണ്ടും താഴുകയായിരുന്നു.

ചൊവ്വാഴ്ച മൂന്നാര്‍ ടൗണ്‍, നല്ല തണ്ണി, സൈലന്റ്‌വാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട് ,മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടു ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. താപനില വീണ്ടും താഴ്ന്നതോടെ പുല്‍മേടുകളും വാഹനങ്ങളുടെ മുകളിലുമെല്ലാം വീണ്ടും മഞ്ഞിന്‍ പുതപ്പണിഞ്ഞ രീതിയിലാണ് പുലര്‍ച്ചെ കാണപ്പെടുന്നത്. ഇതിനു മുമ്പ് ജനുവരി 7, 11 തീയതികളിലാണ് മൂന്നാറില്‍ താപനില മൈനസ് നാലുഡിഗ്രി രേഖപ്പെടുത്തിയത്.

അതേസമയം വീണ്ടും അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുന്നത് തേയില പ്ലാന്റേഷന്‍ മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇന്നലെ വരെയുള്ള കണക്കുപ്രകാരം കണ്ണന്‍ദേവന്‍ കമ്പനിയുടെ 888 ഹെക്ടറിലെ തേയിലക്കൊളുന്താണ് കരിഞ്ഞുപോയത്. 27.82 ലക്ഷം കിലോ തേയിലകൊളുന്താണ് ഇത്തരത്തില്‍ മഞ്ഞുവീഴ്ചമൂലം നഷ്ടമായതെന്ന് അധികൃതര്‍.

ഇത്തരത്തില്‍ തേയിലക്കൊളുന്തു നഷ്ടപ്പെട്ടതിലൂടെ 7.09 ലക്ഷം കിലോ തേയില പൊടിയുടെ നഷ്ടമുണ്ടാകുമെന്നും കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മഞ്ഞുവീഴ്ച പ്ലാന്റേഷന്‍ മേഖലയക്കു കനത്ത പ്രഹരമാകുന്നുണ്ടെങ്കിലും വീണ്ടും മഞ്ഞുവീഴ്ച തുടരുന്നത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ പകരുന്നുണ്ട്. അതിശൈത്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കു തുടരുന്നതിനാല്‍ ഭൂരിഭാഗം ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.