scorecardresearch

മഞ്ഞിന്‍ പുതപ്പണിഞ്ഞ് മൂന്നാര്‍

മൂന്നാറില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്

മൂന്നാറില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
WebDesk
New Update
മഞ്ഞിന്‍ പുതപ്പണിഞ്ഞ് മൂന്നാര്‍

കൊച്ചി: സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നതിനിടെ മഞ്ഞിന്‍ പുതപ്പണിഞ്ഞ് മൂന്നാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില താഴുന്ന മൂന്നാറില്‍ ബുധനാഴ്ച താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസിലെത്തി. മൂന്നാര്‍ ടൗണ്‍, ഗൂഡാര്‍വിള, ലക്ഷ്മി, നല്ലതണ്ണി, കുണ്ടള, കന്നിമല എന്നീ എസ്റ്റേറ്റുകളിലാണ് ബുധനാഴ്ച വെളുപ്പിന് താപനില മൈനസ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയത്.

Advertisment

അതേസമയം, മൂന്നാറില്‍ നിന്നുള്ള വിദൂര പ്രദേശങ്ങളായ ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് മൂന്നായിരുന്നു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കനത്ത തണുപ്പു തുടരുന്നതിനിടെ താപനില മൈനസിലേക്ക് താഴ്ന്നതോടെ പ്രദേശത്ത് മഞ്ഞ് വീഴ്ചയും ശക്തമായി. പുല്‍മേടുകളും, തേയില ചെടികളുടെ മുകളിലും, വാഹനങ്ങളുടെ മുകളിലും മഞ്ഞ് വീണ് കിടക്കുന്ന കാഴ്ചയാണുള്ളത്.

മൂന്നാറില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പും മഞ്ഞുവീഴ്ചയും തുടരുന്നതിനിടെ തണുപ്പകറ്റാന്‍ ആഴികൂട്ടി തീ കായുന്നവരുടെ കാഴ്ചയും മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാണ്. താപനില താഴ്ന്നതോടെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹവും വര്‍ധിച്ചു. കഴിഞ്ഞ പത്തുദിവസമായി മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം, തണുപ്പുകാലത്തു വീണ്ടും മൂന്നാര്‍ സഞ്ചാരികളെക്കൊണ്ടു നിറയുന്നതിന്റെ ആഹ്ലാദത്തിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍. പ്രളയത്തിനും ഗജ ചുഴലിക്കാറ്റിനും ശേഷം മൂന്നാര്‍ വീണ്ടും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറുകയാണെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സഞ്ചാരികളുടെ പ്രവാഹം.

Advertisment

''തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കാന്‍ വിദേശികളും നോര്‍ത്ത് ഇന്ത്യക്കാരും ഉള്‍പ്പടെയുള്ള ആയിരക്കണക്കിനു സഞ്ചാരികളാണെത്തുന്നത്. സഞ്ചാരികളുടെ പ്രവാഹം വരും നാളുകളിലും തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,'' മൂന്നാറിലെ റെഡ് സ്പാരോസ് റിസോര്‍ട്ട് ഉടമ അനീഷ് പി.വര്‍ഗീസ് പറയുന്നു.

Munnar Tourism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: