/indian-express-malayalam/media/media_files/uploads/2017/03/image.jpg)
കോട്ടയം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ കെണിയായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതിലിന്റെ പിറ്റേദിവസം തന്നെ സ്ത്രീകളെ കയറ്റാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. അത് ശരിയായ നടപടിയായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമലയിൽ കയറിയ യുവതികളുടെ പട്ടിക സർക്കാർ സുപ്രീം കോടതിയിൽ നൽകി. ഈ പട്ടികയിലെ വിവരങ്ങൾ തെറ്റാണെന്നുള്ള വിവരംം പുറത്തുവന്നു. ഉപദേശികൾ നൽകുന്ന പട്ടിക പരിശോധിച്ചേ പുറത്തുവിടാവൂവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ഭക്ത സംഗമത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. അയ്യപ്പ ഭക്ത സംഗമം സവർണ്ണ കൂട്ടായ്മയുടേതാണ്. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യം ആ വേദിയിൽ ഇല്ല. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് അവിടെ കാണാനായത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് വലിയ ഭാഗ്യമായി കാണുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ നേട്ടമുണ്ടാക്കാനായത് ബിജെപിക്കാണന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം രാഷ്ട്രീയ പാർട്ടികൾ നന്നായി ഉപയോഗിച്ചു. അതിലേറ്റവും മുതലെടുപ്പ് നടത്തിയത് ബിജെപിയാണ്. തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം നീണ്ടാൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.