ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന സൂചന നൽകി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി.സി.കാപ്പന് അനുകൂല തരംഗമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. നിഷ ജോസ് കെ.മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും നിലവിലെ സ്ഥാനാർഥിക്ക് ജനകീയ മുഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: തുഷാർ വെള്ളാപ്പളളിയുടെ അറസ്റ്റ്: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

അതേസമയം, നവോത്ഥാന നിലപാടുകളുമായി എസ്എന്‍ഡിപി യോഗം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്ന് പറഞ്ഞ അദ്ദേഹം ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി.സുഗതന്‍ വെറും കടലാസ് പുലിയാണെന്നും പറഞ്ഞു. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണ്. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Also Read: പാലാ ഉപതിരഞ്ഞെടുപ്പ്: എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ.മാണി

നവോത്ഥാന സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാൽ പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസം ഹിന്ദു പാർലമെന്റ് പറഞ്ഞിരുന്നു. ഹിന്ദു പാർലമെന്റിലെ 50ലധികം സമുദായസംഘടനകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതിയിൽ നിന്ന് പിന്മാറിയത്. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍നിന്ന് അകന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യകാരണമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.