കൊച്ചി: സുഭാഷ് വാസു അടക്കമുള്ള മുൻ ഭാരവാഹികൾ എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസിങ് പദ്ധതിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാർ. എസ്എൻഡിപി മാവേലിക്കര യുണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ യൂണിയൻ മുൻ ഭാരവാഹികളായ സുഭാഷ് വാസു, സുരേഷ് ബാബു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

പദ്ധതിക്കായി ബാങ്കുകളിൽ നിന്ന് ലഭിച്ച പണം തിരിച്ചടക്കാതെ പ്രതികൾ തിരിമറി നടത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും എട്ട് അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തിയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ, ഏഴ് വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ജാമ്യത്തിന് അവസരമുണ്ടെന്ന പ്രതികളുടെ വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. പ്രതികളുടെ ചോദ്യം ചെയ്യലും അറസ്റ്റും പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇളവ് ബാധകമല്ലെന്നും ജാമ്യം നൽകണോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Read Also: മലങ്കര ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരെ വിലക്കാൻ പാത്രിയാർക്കീസിന് അധികാരമില്ല: ഹൈക്കോടതി

ആലപ്പുഴ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. മൈക്രോ ഫിനാൻസ്, സാമൂഹിക ക്ഷേമപദ്ധതികൾ, പ്രീ മാര്യേജ് കൗൺസലിങ് എന്നിവയിൽ നിന്ന് പന്ത്രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളുടെ ജാമ്യാപേക്ഷകളെ എതിർത്ത് പരാതിക്കാരായ മാവേലിക്കര എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പിള്ളിയും ദയകുമാറും കേസിൽ കക്ഷി ചേർന്നു. കേസ് കൂടുതൽ വാദത്തിനായി എട്ടിലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.