/indian-express-malayalam/media/media_files/uploads/2017/03/image.jpg)
ചേർത്തല: ബിഡിജെഎസിന്റെ പിന്തുണ ഇല്ലെങ്കിൽ ശ്രീധരൻ പിളളയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ബിഡിജെഎസിനെ വേദനിപ്പിച്ചതിന് ചെങ്ങന്നൂരിൽ ബിജെപിക്ക് വലിയ വില നൽകേണ്ടി വരും. എൻഡിഎയിൽ ബിഡിജെഎസിന് പരിഗണന കിട്ടിയില്ല. ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രം. ബിഡിജെഎസിന്റെ ആവശ്യങ്ങൾ വാങ്ങിത്തരുന്നതിൽ ബിജെപി കേരള ഘടകം പരാജയപ്പെട്ടു. ഇനി സ്ഥാനങ്ങൾ നൽകിയാലും ബിജിഡെഎസിന്റെ മുറിവുണക്കാനാകില്ലെന്നും വെളളാപ്പളളി പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഘടകകക്ഷികൾക്ക് പരിഗണന നൽകുന്നു. 2 വർഷമായി ഘടക കക്ഷികൾക്ക് ബിജെപി ഒന്നും നൽകിയില്ല. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ശ്രമിച്ചില്ല. ബിഡിജെഎസ് നടത്തുന്നത് സമ്മർദതന്ത്രം തന്നെയാണ്. ഗത്യന്തരമില്ലാതെയാണ് സമ്മർദ തന്ത്രത്തിലേക്ക് പോയതന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് വർഗീയ പാർട്ടിയെന്ന എം.വി.ഗോവിന്ദന്റെ പരാമർശത്തെക്കുറിച്ചും വെളളാപ്പളളി പ്രതികരിച്ചു. ഗോവിന്ദന്റെ പരാമർശം അനവസരത്തിലുളളതാണ്. ഇത് ചെങ്ങന്നൂരിൽ പാർട്ടിക്കും സ്ഥാനാർത്ഥിക്കും ഗുണം ചെയ്യില്ല. സജി ചെറിയാനെ തോൽപ്പിക്കാനുളള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയമുണ്ട്. ചെങ്ങന്നൂരിൽ ത്രികോണ മൽസരമാണ് നടക്കുന്നത്. ഇടതു സ്ഥാനാർത്ഥി സജി ചെറിയാനാണ് മുൻതൂക്കം. ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിളള ഇപ്പോൾ മൂന്നാം സ്ഥാനത്താണെന്നും വെളളാപ്പളളി പറഞ്ഞു.
ശ്രീധരൻ പിളള കാണാൻ വന്നിരുന്നു. ബിഡിജെഎസ് ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയാണെന്ന് ശ്രീധരൻ പിളള അപ്പോൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മൽസരിക്കണമെന്ന നിലപാടും വെളളാപ്പളളി ആവർത്തിച്ചു.
മെയ് 28 നാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 31 ന് നടക്കും. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.