തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. ലാവലിൻ കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നാണ് സിബിഐയുടെ വാദം. വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. തുടർന്ന് വൈകിയതിനുള്ള ക്ഷമാപണം അടക്കം ഡിലേ കണ്ടൊനേഷൻ അപ്പീലാണ് സുപ്രീം കോടതിയിൽ സിബിഐ സമർപ്പിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ സിബിഐ അതിനുവേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. അപ്പീൽ നൽകാതെ സിബിഐ ഒളിച്ചുകളിക്കുന്നത് ദുരൂഹമാണെന്നും, ലാവലിനിൽ ബിജെപിക്കും സിപിഎമ്മിനും അവിശുദ്ധ ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ