പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറിക്കകത്ത് പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പ് കടിയേറ്റ പാട് ശരീരത്തിലില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നു രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. ക്ലാസിനകത്തേക്ക് കയറുന്നതിനിടെ അബദ്ധത്തിൽ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റുകയായിരുന്നു. കാല്‍ ശക്തിയായി കുടഞ്ഞതോടെ പാമ്പ് തെറിച്ചുപോയെന്നും സമീപത്തെ അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
ക്ലാസ് ആരംഭിക്കുന്നതിനു മുൻപായിട്ടായിരുന്നു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് അധ്യാപകർ ഓടിയെത്തി. പിന്നീട് തിരഞ്ഞപ്പോഴാണ് അലമാരയിൽനിന്ന് പാമ്പിനെ കിട്ടിയത്. പാമ്പ് കടിച്ചോ എന്ന സംശയമുണ്ടായതിനെ തുടർന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്കൂളിൽ നാട്ടുകാർ പ്രതിഷേധിച്ചു. സ്കൂളിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്നും പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാൻ വഴിയൊരുക്കിയത് ഇത് നീക്കം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.