കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിക്ക് ദാരുണാന്ത്യം. ഉറങ്ങി കിടക്കുകയായിരുന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെയാണ് സംഭവം. ഭർത്താവിനും മകനുമൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെയാണ് പാമ്പ് കടിച്ചത്. അഞ്ചലിൽ ഏറം വെള്ളശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തരയാണ് മരിച്ചത്. ഉറക്കത്തിനിടെ പാമ്പ് കടിച്ചതായാണ് സൂചന.
രാവിലെ ഏറെനേരം വിളിച്ചിട്ടും ഉറക്കത്തിൽ നിന്ന് ഉത്തര ഉണർന്നില്ല. പിന്നീട് ഇവരെ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിയുന്നത്. പിന്നീട് വീട്ടിലെത്തി നോക്കിയപ്പോൾ മുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി. ഉത്തരയ്ക്കൊപ്പം അതേ മുറിയിൽ തന്നെ ഭർത്താവ് സൂരജും മകനും കിടക്കുന്നുണ്ടായിരുന്നു. ഇരുവരും പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു. രാത്രിയിൽ തുറന്നിട്ട ജനൽ വഴിയാകും പാമ്പ് അകത്തു പ്രവേശിച്ചതെന്നാണ് കരുതുന്നത്.
Read Also: ഭർത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്ക്ക്: സാനിയ മിർസ
ഒരു മാസം മുമ്പ് ഭർത്താവിന്റെ അടൂരിലെ വീട്ടിൽവച്ചും ഉത്തരയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. അന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഉത്തരയെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ ചികിത്സ തുടരുമ്പോഴാണ് ഉത്തരയെ വീണ്ടും പാമ്പ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്.