കൊല്ലം: : പാമ്പ് കടിയേറ്റ് മരിച്ച കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയുടെ കുഞ്ഞിനെ കാണ്ടെത്തി. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടുകൊടുക്കാൻ നേരത്തെ ഉത്തരവായതാണ്. ഇതനുസരിച്ച് ഉത്രയുടെ ഭർത്താവും കൊലപാതക കേസിലെ പ്രതിയുമായ സൂരജിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന കാര്യം അന്വേഷണസംഘം അറിയുന്നത്.

കേസില്‍ ഉത്രയുടെ കുട്ടിയെ വീട്ടുകാർക്ക് കൈമാറണമെന്ന വനിതാ കമ്മീഷൻ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്‌തു. അഞ്ചൽ പൊലീസ് പ്രതി സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ ഇന്നു രാവിലെയാണ് കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കെെമാറി.

എറണാകുളത്ത് വക്കീലിനെ കാണാൻ പോയതാണ് എന്നാണ് കുടുംബത്തിന്റെ വാദം. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടിൽ എത്തിച്ചു. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുട്ടിയെ ഉത്രയുടെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും. അതേസമയം, കേസിലെ പ്രതികളായ സൂരജ് അടക്കമുള്ളവരെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിട്ടുണ്ട്.

Read Also: അവശേഷിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നുമുതൽ; ജാഗ്രതയോടെ കേരളം

കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് നേരത്തെ ഉത്തരവിട്ടത്. ഈ ആവശ്യം ഉന്നയിച്ച് കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കത്ത് നൽകിയിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു നൽകാൻ ഉത്തരവായത്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭർത്താവ് സൂരജിനും ഭർതൃകുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ.ഷാഹിദാ കമാൽ അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച ഡോ.ഷാഹിദാ കമാൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിനെ മിനിഞ്ഞാന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

സൂരജിനെ ഇന്നലെ രാവിലെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇരുപത് മിനിറ്റോളമാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടന്നത്. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചത്.

Read Also: Horoscope Today May 26, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വീട്ടിലേക്ക് എത്തിയതും ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. സൂരജിനെതിരെ സംസാരിക്കാൻ തുടങ്ങി. ‘ഇവനെ ഇങ്ങോട്ട് കയറ്റരുത്’ എന്നു പറഞ്ഞ് ആക്രോശിച്ചു. തെളിവെടുപ്പിനായി അന്വേഷണസംഘം ആദ്യം ബെഡ്‌റൂമിലേക്ക് സൂരജിനെ കൊണ്ടുപോയി. ഉത്രയും സൂരജും മകനും ഉറങ്ങിയിരുന്നത് ആ റൂമിലായിരുന്നു. അവിടെവച്ചാണ് ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റത്. തെളിവെടുപ്പിനിടെ സൂരജ് കുറ്റം നിഷേധിച്ചു. ‘ഞാൻ ചെയ്‌തിട്ടില്ല അച്ഛാ…’ ഉത്രയുടെ അച്ഛനെ നോക്കി സൂരജ് പറഞ്ഞു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സൂരജ് കുറ്റം സമ്മതിച്ചാണ്. എന്നാൽ ഉത്രയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കുറ്റം നിഷേധിക്കുകയായിരുന്നു. ബെഡ് റൂമിൽ തെളിവെടുപ്പ് തുടരുന്നതിനിടെ സൂരജും പൊട്ടിക്കരഞ്ഞു.

സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പിൽ നിന്നാണ് കുപ്പി കണ്ടെടുത്തത്. ഇന്നലെ രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താൻ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.