കൊച്ചി: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ ജിസ മെറിൻ ജോയി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ചികിത്സയിൽ വീഴ്‌ച ആരോപിച്ചാണ് ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

ചികിത്സയിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചികിത്സ നൽകിയെന്നും ഹർജിയിൽ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ല. ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് തന്നാൽ കഴിയുന്ന ചികിത്സ നൽകി. പാമ്പ് തന്നെയാണോ കടിച്ചതെന്ന കാര്യത്തിൽ വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഉറപ്പുണ്ടായിരുന്നില്ല. ടീച്ചർമാർ കുട്ടിയെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത് എന്നെല്ലാം മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.

Read Also: മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വിശദ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമായി. ചികിത്സ നിർദേശിക്കുകയും ചെയ്തു. ആശുപത്രയിൽ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ല. പത്ത് സാമ്പിൾ വേണ്ടിടത്ത് ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പീഡിയാട്രിക് വെന്റിലേറ്റർ ഉണ്ടായിരുന്നില്ല. മുതിർന്നവർക്കുള്ള രണ്ട് വെന്റിലേറ്റർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന ക്ഷമമായിരുന്നില്ല. ഇക്കാര്യങ്ങൾ കുട്ടിയുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയെന്നും ആന്റിവെനം നൽകാൻ രക്ഷിതാവിന്റെ അനുമതി തേടിയെങ്കിലും വെന്റിലേറ്റർ
സൗകര്യമില്ലാത്തതിനാൽ രക്ഷിതാവ് അനുമതി നൽകിയില്ലെന്നും ഡോക്ടർ ഹർജിയിൽ വ്യക്തമാക്കി.

തന്റെ ഭാഗത്ത് വീഴ്‌ച ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ പരിഗണിക്കും. അതേസമയം, അധ്യാപകരായ കെ.കെ.മോഹനനും സി.വി.ഷജിലും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.