കാസർഗോഡ്: കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒന്നര വയസുകാരിയെ വീട്ടിൽവച്ച് പാമ്പ് കടിച്ചു. കാസർഗോഡ് രാജപുരം പാണത്തൂർ വട്ടക്കയത്ത് ക്വാറന്റെെനിൽ കഴിയുന്ന ദമ്പതികളുടെ മകളെയാണ് പാമ്പ് കടിച്ചത്.
ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം. വീട്ടിലെ ജനൽ കർട്ടനു ഇടയിൽ നിന്നാണ് പാമ്പ് കടിയേറ്റത്. അണലിയാണ് കുട്ടിയെ കടിച്ചത്. പാമ്പ് കടിയേറ്റ വിവരം മനസിലായ മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കണമെന്നു പറഞ്ഞ് അലമുറയിട്ടു. എന്നാൽ, കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബം ആയതിനാൽ അയൽവാസികൾ ഓടിയെത്തിയില്ല. കോവിഡ് ഭയം മൂലമാണ് പലരും സഹായിക്കാൻ എത്താതിരുന്നത്.
Read Also: കാസർഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ; കോഴിക്കോടും നിയന്ത്രണങ്ങൾ കർശനമാക്കി
ഒടുവിൽ കുട്ടിയുടെ മാതാപിതാക്കളുടെ കരച്ചിൽകേട്ട് ജിനിൽ മാത്യു എന്ന യുവാവ് ഓടിയെത്തുകയായിരുന്നു. ഓടിയെത്തിയ ജിനില്‍ കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ആശുപത്രിയിലെത്തിയ കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജിനിലും നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
ബിഹാറിൽ അധ്യാപകരായ ദമ്പതികൾ ഈ മാസം 16 നാണ് വട്ടക്കയത്തെ വീട്ടിൽ എത്തിയത്. അന്നു മുതൽ ക്വാറന്റെെനിൽ കഴിയുകയാണ്.