കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. ഫൊറൻസിക് വിദഗ്‌ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഉത്രയുടെ വീട്ടിൽ താൽക്കാലിക സജ്ജീകരണം ഒരുക്കിയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. ഉത്ര മരിച്ച ദിവസം ബെഡ് റൂമിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ എല്ലാവരും ചേർന്ന് തല്ലികൊല്ലുകയായിരുന്നു. ആ പാമ്പ് തന്നെയാണോ യഥാർത്ഥത്തിൽ ഉത്രയെ കടിച്ചത് എന്ന് അറിയാനാണ് ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ ലഭിച്ചേക്കും.

ഉഗ്രവിഷമുള്ള കരിമൂർഖന്റെ കടിയേറ്റാണ് ഉത്ര മരിച്ചത്. ഭർത്താവ് സൂരജ് ആണ് കൊലയ്‌ക്കു പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതി സൂരജിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്താൻ വിഷമുള്ള പാമ്പിനെ പണം നൽകി വാങ്ങുകയായിരുന്നു സൂരജ്. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപേർ അഭിപ്രായപ്പെട്ടത്. സിനിമകളിൽ കേട്ടുപരിചയമുള്ള രീതിയാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്.

മൂർഖനെ വാങ്ങിയത് 10,000 രൂപയ്‌ക്ക്

സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് ദിവസങ്ങളായുള്ള കരുനീക്കങ്ങൾക്കൊടുവിൽ. സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ്.സനല്‍ വെളിപ്പെടുത്തി. പാമ്പുപിടിത്തക്കാരൻ സുരേഷിനെ നേരത്തെ സൂരജിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് സൂരജ് തന്റെ അച്ഛനെ ആദ്യം വിളിച്ചതെന്ന് സനൽ പറഞ്ഞു.

Read Also: ഉത്രയുടെ കുഞ്ഞിനെ കണ്ടെത്തി; ഇന്ന് കെെമാറും

സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ അച്ഛൻ പാമ്പിനെ കൊണ്ടുചെന്നു. പാമ്പുമായി ചെന്നപ്പോള്‍ ഒരു ദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനൽ പറഞ്ഞു. ആദ്യം നൽകിയത് അണലിയെയാണ്. രണ്ടാമതും പാമ്പിനെ വേണമെന്ന് സൂരജ് ആവശ്യപ്പെട്ടു. അണലിയെ നൽകി രണ്ട് മാസം കഴിഞ്ഞാണ് അടുത്ത പാമ്പിനെ നൽകുന്നത്. മൂർഖനെ വേണമെന്ന് പറഞ്ഞാണ് രണ്ടാമത് സൂരജ് വിളിച്ചത്. പതിനായിരം രൂപ നൽകിയാണ് പാമ്പിനെ വാങ്ങിയത്. എലി ശല്യമുണ്ടെന്നും അതിനാലാണ് പാമ്പിനെ വാങ്ങുന്നതെന്നും അന്ന് സൂരജ് പറഞ്ഞതായി സുരേഷിന്റെ മകൻ സനൽ വെളിപ്പെടുത്തി.

ഉത്രയുടെ അച്ഛനു മുന്നിൽ വിങ്ങിപ്പൊട്ടി സൂരജ്

സൂരജിനെ ഇന്നലെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇരുപത് മിനിറ്റോളമാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടന്നത്. ഇന്നലെ രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചത്.

Read Also: ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; രണ്ട് ദിവസത്തിനകം മദ്യവിതരണം ആരംഭിക്കും

വീട്ടിലേക്ക് എത്തിയതും ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. സൂരജിനെതിരെ സംസാരിക്കാൻ തുടങ്ങി. ‘ഇവനെ ഇങ്ങോട്ട് കയറ്റരുത്’ എന്നു പറഞ്ഞ് ആക്രോശിച്ചു. തെളിവെടുപ്പിനായി അന്വേഷണസംഘം ആദ്യം ബെഡ്‌റൂമിലേക്ക് സൂരജിനെ കൊണ്ടുപോയി. ഉത്രയും സൂരജും മകനും ഉറങ്ങിയിരുന്നത് ആ റൂമിലായിരുന്നു. അവിടെവച്ചാണ് ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റത്. തെളിവെടുപ്പിനിടെ സൂരജ് കുറ്റം നിഷേധിച്ചു. ‘ഞാൻ ചെയ്‌തിട്ടില്ല അച്ഛാ’ ഉത്രയുടെ അച്ഛനെ നോക്കി സൂരജ് പറഞ്ഞു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സൂരജ് കുറ്റം സമ്മതിച്ചാണ്. എന്നാൽ ഉത്രയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കുറ്റം നിഷേധിക്കുകയായിരുന്നു. ബെഡ് റൂമിൽ തെളിവെടുപ്പ് തുടരുന്നതിനിടെ സൂരജും പൊട്ടിക്കരഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook