/indian-express-malayalam/media/media_files/uploads/2019/04/gold-gold_2-002.jpeg)
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുബായില്‍ നിന്നും ഒരേ അളവില്‍ രണ്ടായി സ്വര്‍ണം വാങ്ങുകയായിരുന്നു ഇവരുടെ പതിവ്. ഇതില്‍ ഒരു ഭാഗം സ്വര്‍ണം മാത്രം ഹാജരാക്കിയാണ് ദുബൈ കസ്റ്റംസിനെ കബളിപ്പിച്ചിരുന്നത്. കോടതിയില്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണക്കടത്തിലെ തന്ത്രങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയെന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് ഏകോപിപ്പിച്ചത് വിഷ്ണുവാണെന്നും മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വ ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനക്ക് പണം വാഗ്ദാനം ചെയ്തത്. പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് വിമാന ടിക്കറ്റും 20,000 ദിർഹവുമാണ്. ബിജുവിന് വേണ്ടി തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമായി സെറീനയെ ബന്ധപ്പെട്ടത്. 2018 ലാണ് ബിജുവിനെയും വിനീതയെയും താന്‍ പരിചയപ്പെട്ടതെന്നും സെറീന പറഞ്ഞിട്ടുണ്ട്. ബിജുവിന്റെ നിർദേശ പ്രകാരം ദുബായിൽ പോയി നിരവധി തവണ സ്വർണം കടത്തി. ജിത്തുവാണ് തനിക്ക് സ്വർണം കെെമാറിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐ അധികൃതരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
ബാലഭാസ്‌കറുമായി പരിചയമുള്ള പ്രകാശൻ തമ്പിക്കും വിഷ്ണുവിനും സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡിആർഐ സംഘം പ്രകാശൻ തമ്പിയെ അറസ്റ്റ് ചെയ്തു. ഇരുവരും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.
സ്വർണ കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജർ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രകാശൻ തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജർമാർ ആയിരുന്നില്ലെന്ന് ബാലഭാസ്കറിന്റെറെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.