ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തിപ്പെടുത്താനെന്ന ഉദ്ദേശത്തോടെ വിളിച്ച് കൂട്ടിയ യോഗത്തില്‍ പങ്കെടുക്കാന്‍ ആളില്ല. ഇതിനെ തുടര്‍ന്ന് മുഖ്യ അതിഥിയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിപാടിയില്‍ നിന്നും വിട്ടുനിന്നു. ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സിലും സിഎസ്‌ഐഎസും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുക്കില്ലെന്ന് അവസാന നിമിഷം കേന്ദ്രമന്ത്രി അറിയിച്ചത്.

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി വച്ചിരുന്നത്.’ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി പൗരന്‍മാര്‍ ഒത്തുചേരുന്നു’ എന്ന് പേരിട്ട് സംഘടിപ്പിച്ചിരുന്ന ചടങ്ങില്‍ കേന്ദ്ര ടെക്‌സറ്റൈല്‍ മന്ത്രിയായിരുന്നു മുഖ്യ അതിഥി. സ്മൃതി ഇറാനിയുടെ പേര് വെച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പരിപാടി തുടങ്ങേണ്ട സമയമായിട്ടും ആളുകള്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി പിന്മാറിയതെന്നാണ് വിവരം. ആചാര സംരക്ഷണത്തിന് ഒത്തു ചേരുക, അയ്യപ്പ ഭക്തന്മാരെ പീഡിപ്പിക്കുന്നത് നിര്‍ത്തുക, സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നിങ്ങനെയുളള ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പരിപാടി.

സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നെന്ന ഒറ്റ കാരണം കൊണ്ട് മാത്രം കേരളത്തില്‍ കൂട്ട അറസ്റ്റ് നടത്തിയതായി കഴിഞ്ഞയാഴ്ച്ച സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിപാടിയില്‍ മന്ത്രി മുഖ്യ അതിഥിയാകുമെന്ന് അറിയിച്ചത്. പരിപാടിയില്‍ നിന്ന് കേന്ദ്രമന്ത്രി തന്നെ വിട്ടുനിന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നു. ‘ഹിന്ദു ഉണര്‍ന്നത്’ കാരണമാണ് പരിപാടി പൊളിഞ്ഞതെന്നാണ് ഒരു വിരുതന്റെ കമന്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.