കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജഗിരി എൻജിനീയറിങ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് വിഷപ്പുകയെ തുടർന്ന് ചികിത്സ തേടിയത്.

ഞായറാഴ്ച രാത്രി 10.30 ഓടെ അലൻ, ശരത് എന്നിവരാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരെ കൂടാതെ നിരവധി വിദ്യാർഥികളും ആശുപത്രിയിൽ അസ്വസ്ഥതകളുമായി എത്തിയിരുന്നു. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി തിരികെ അയച്ചു.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായത്.

പുക വീണ്ടും രൂക്ഷമായതോടെ ഹോസ്​റ്റലിലെ വിദ്യാർഥികളിൽ പലർക്കും ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഇതോടൊപ്പം കണ്ണിൽനിന്ന് വെള്ളം വരികയും നീറ്റൽ അനുഭവപ്പെടുകയും ചെയ്തു. അസഹനീയമായതോടെ ഇവർ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.