തിരുവനന്തപുരം: മറ്റുള്ള സംസ്ഥാനങ്ങളിലെ സ്മാർട് ലൈസൻസുകൾ നോക്കി നമ്മൾക്ക് എന്നാണ് ഇതുപോലെയൊന്ന് ലഭിക്കുകയെന്ന് മലയാളികൾ നിരവധി തവണ അധികൃതരോട് ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിൽ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന ദീർഘനാളത്തെ ആവശ്യം അങ്ങനെ സഫലമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ ഏപ്രിൽ 20 മുതൽ നിലവിൽ വരുമെന്ന് മോട്ടോർ വാഹന വകുപ്പ്.
മാറുമ്പോൾ വെറും സ്മാർട് കാർഡിലേക്ക് അല്ല ഏഴിലധികം സുരക്ഷാ ഫീച്ചറുകളുള്ള പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളാണ് നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു വി എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡില്‍ ഉള്ളത്. ഓരോ ഫീച്ചറിനും ഓരോ പ്രത്യേകതകളാണുള്ളത്.
സീരിയൽ നമ്പർ– ഓരോ വ്യക്തിയുടെയും ലൈസൻസ് തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് വ്യത്യസ്ത സീരിയൽ നമ്പർ നൽകുന്നത്.
ഇൻവിസിബിൾ യുവി എംബ്ലളം– അൾട്രാ വൈലറ്റ് ലൈറ്റ് കൊണ്ടു മാത്രം കാണാൻ കഴിയുന്ന ഒരു പാറ്റേൺ എല്ലാ സ്മാർട് ലൈസൻസിലും ഉണ്ടാകും.
അത് ഒരു തരത്തിലുമുള്ള ഡ്യൂപ്ലിക്കേഷനു ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. ലൈസൻസിന്റെ മുൻപിലും പുറകിലും പാറ്റേൺ ഉണ്ട്.
മൈക്രോ ടെക്‌സ്റ്റ്– കാർഡിന് മുകളിലായി ഒരു വര പോലെ കാണുന്ന ഇവ യാഥാർഥത്തിൽ വരകൾ അല്ല. ചെറിയ ലിപിയിൽ എഴുതിയിരിക്കുന്നതാണ്. ഫോട്ടോസ്റ്റാറ്റ് എടുത്താലും അവ വര ആയിട്ട് മാത്രമേ കാണിക്കുകയുള്ളൂ.
സെക്യൂർ ക്യൂ ആർ കോഡ്– സെക്യൂർ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലൈസൻസ് ഉടമസ്ഥന്റെ മുൻകാല വിവരങ്ങൾ ലഭിക്കുന്നു. മുൻപ് ട്രാഫിക് നിയമലംഘനം നടത്തിയിട്ടുള്ളവരാണെങ്കിൽ ആ വിവരങ്ങളും അറിയാൻ കഴിയും.
ഗില്ലോച്ചെ പാറ്റേണ്‍– പ്രത്യേക രീതിയിലുള്ള പാറ്റേണുകളും ഇതിൽ നൽകിയിട്ടുണ്ട്. ഇവ അവരെ യൂണീക് ആണ്.
ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്– രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള സുരക്ഷാമാർഗമാണിത്. ഒപ്ടിക്കൽ വേരിയബിൾ ഇങ്ക് സാങ്കേതിക വിദ്യ അനുസരിച്ച് നിർമിച്ച ഇന്ത്യയുടെ ചിത്രവും ലൈസന്‍സിലുണ്ട്. ഇത് കാർഡിന് യൂണിക്നെസ് നൽകുന്നു.
ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം– ലൈസൻസ് കാർഡിൽ തന്നെ എംബഡ് ആയി ഹോളാഗ്രാം ഉണ്ട്. അതിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായ സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. ഒരു വർഷത്തിനകം എല്ലാവരും കാർഡിലേക്ക് മാറണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്.