സുൽത്താൻ ബത്തേരി: മുഖം മിനുക്കിയ പഠന മുറിയോട് മമത കാണിക്കാതെ, മുഖം കറുപ്പിച്ച്, ഒരു കൂട്ടം കുട്ടികള്‍. ഹൈടെക് ഡിജിറ്റല്‍ ക്ലാസ്സ് മുറിയിലെ വര്‍ണങ്ങളില്‍ അത്ഭുതം കൂറി മറ്റൊരു സംഘം. പരിഷ്‌ക്കാരങ്ങള്‍ എത്രയോ കണ്ടെന്ന ഭാവത്തോടെ അധ്യാപകര്‍. വിദ്യാലയ പ്രവേശനത്തിന്റെ ഒന്നാം ദിനത്തില്‍ വയനാട്ടിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നുള്ള കാഴ്ചയാണിത്.
സ്ഥലം നൂല്‍പുഴ പഞ്ചായത്തിലെ മാതമംഗലം സര്‍ക്കാര്‍ ഹൈസ്‌കൂള്‍. നാട്ടിലെങ്ങും ഒരുങ്ങിയ പ്രവേശനോത്സവ കോലാഹലങ്ങളിവിടെയും. കടലാസു തോരണങ്ങള്‍, വര്‍ണ ബലൂണുകള്‍, മധുര പലഹാരം, മിഠായി, വ്യത്യസ്തയ്ക്കായി ആപ്പിള്‍ മാതൃകയില്‍ പാല്‍പ്പേട. അച്ഛനമ്മമാരുടെ അകമ്പടി. പൊതുവകയിലും സംഘടനകളുടെ വിഹിതമായും പഠനോപകരണങ്ങള്‍. അണ്ടിപരിപ്പും മുന്തിരിയുമൊക്കെ ചേരുംപടി ചേര്‍ത്ത് സേമിയ പായസം.

ഹൈടെക് ഡിജിറ്റല്‍ ക്ലാസ്സ് മുറിയുടെ മഹിമ ഇതിലുവേറെ. എല്‍.സി.ഡി. പ്രൊജക്ടര്‍, ഇരിക്കാനെല്ലാവര്‍ക്കും ഒരേ ചായമുള്ള കുട്ടിക്കസേര, ഭയമകറ്റാന്‍ ക്ലാസ്സുമുറിക്കുള്ളില്‍ അമ്മമാര്‍, കഥ പറയാനൊരുങ്ങി അധ്യാപിക. ക്ലാസ്സ് മുറിയില്‍ ഇടതു ഭാഗത്ത് ഒരു കൂട്ടം ചേര്‍ന്നു നില്‍ക്കുന്നു. നിറത്തിലും മുഖഭാവത്തിലുമെല്ലാം മറ്റുള്ളവരില്‍ നിന്നും വൈജാത്യര്‍. മക്കളോടൊപ്പം കൂട്ടിനെത്തിയ അമ്മമാരുടെ ഭാവവും കുട്ടികളുടേതിനു സമാനം. നവാഗതരെ സന്ദര്‍ശിക്കാനെത്തിയ വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. ഉണ്ണികൃഷ്ണന്‍ കഥ പറയാനൊരുങ്ങി. കസേരകള്‍ ഉപേക്ഷിച്ച് മുന്നില്‍ നിലത്തിരിക്കാന്‍ മാഷുടെ അഭ്യര്‍ത്ഥന. ഇടതു ഭാഗത്തു മുഖം കനപ്പിച്ചിരിക്കുന്നവര്‍ കസേര വിടാന്‍ തയ്യാറായില്ല. അമ്മമാര്‍ നിര്‍ബന്ധിച്ചെങ്കിലും. കഥക്കിടയിലെ ചോദ്യങ്ങളോട് കുട്ടിക്കൗതകത്തോടെ പ്രതികരണം വന്നു. ഓട്ടോറിക്ഷയ്ക്കു മൂന്നും ജീപ്പിനു രണ്ടും കണ്ണെന്ന് ഉത്തരം കിട്ടി. ഇടതന്മാര്‍ക്ക് അപ്പോഴും കുലുക്കമില്ല.
ഡിജിറ്റല്‍ ബോര്‍ഡു ചൂണ്ടി, പറഞ്ഞ കഥ ചിത്രമാക്കാന്‍ കൂട്ടികളോട് പറഞ്ഞു. മടിച്ചെങ്കിലും ചിലര്‍ ബോര്‍ഡിനു മുന്നിലെത്തി. മാര്‍ബിളില്‍ തിളങ്ങുന്ന തറയില്‍ വരയ്ക്കാമെന്നും ഉണ്ണികൃഷ്ണന്‍ മാഷ്. അമ്മമാരുടെ കൈകളിലും വസ്ത്രങ്ങളിലും മുറുകെ പിടിച്ച് ഇടത്തുള്ളവര്‍ക്ക് അപ്പോഴും അനക്കമില്ല.
വരച്ച് വരച്ച് തറ വൃത്തികേടാവുമെന്നപ്പോള്‍ സന്നിഹിതരായ രക്ഷാകര്‍ത്താക്കളില്‍ ചിലരുടെ പരിഭവം. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ ചുമര്‍ കുത്തിക്കീറിയതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നതു താനെന്ന് ക്ലാസ്സ് ടീച്ചര്‍. അലക്ഷ്യമായ വര കൃത്യമായ അക്ഷര ശബ്ദ ശ്രദ്ധയിലേക്കു വരാന്‍ അധികം വൈകില്ലെന്ന് ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ സമാശ്വാസം.
ഹൈടെക് ഡിജിറ്റല്‍ ക്ലാസ്സ് മുറിയ്ക്കു പുറത്തിറങ്ങിയ കുട്ടികളില്‍ മഞ്ജുവിന്റെയം മനുവിന്റെയും വീട് സ്‌കൂളിനു സമീപത്തു തന്നെയാണ്. തേര്‍ വയല്‍ പണിയ കോളനി. അച്ഛന്‍ മണി പണിക്കു പോയിരിക്കുന്നു. ഈ അന്താളിപ്പിനു കാരണമെന്തെന്ന ചോദ്യത്തിന് മക്കളാടൊപ്പം എത്തിയ ലതയ്ക്കും മറുപടിയൊന്നുമില്ല. ‘ഇന്നലെ വരെ വലിയ രസത്തിലായിരുന്നു’ ലത പറഞ്ഞു.
പ്രവേശനം നേടുകയെന്ന കടുത്ത കടമ്പയെന്നും പിന്നിടാതെ സ്‌കൂളിലെത്തിയ ആതിരയ്ക്കു കൂട്ട് വല്യമ്മയാണ്. മൂത്ത കുട്ടിയ്ക്കു രോഗം വന്ന് ആശുപത്രിക്കിടക്കിലായതുകൊണ്ടാണ് താനെത്തിയതെന്ന് അവര്‍ പറഞ്ഞു.
ക്ലാസ്സ് റൂം ഹൈടെക്കായതില്‍ പൊതുവിഭാഗത്തിലുള്ള കുട്ടികള്‍ ആഹ്ലാദത്തിലാണ്. ആദിവാസിക്കുട്ടികളില്‍ വിമുഖത തുടരുകയായണെന്ന് ക്ലാസ്സ് ടീച്ചറായ അംബിക പറഞ്ഞു.
സ്‌കൂള്‍ പ്രധാനാധ്യപകനായ എം.എ. പൗലോസിന്റെ അഭിപ്രായത്തില്‍ പരിഷ്‌ക്കരണങ്ങളൊന്നും അത്രയ്ക്കങ്ങ് പോര. ’29 കുട്ടികള്‍ ഇത്തവണ ഇവിടെ ഒന്നാംതരത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. മൂന്നിലൊന്നിലേറെയും ആദിവാസിക്കുട്ടികളാണ്. ഭാഷയൊന്നുമല്ല അവരുടെ പ്രശ്‌നം. അവരുടെ സമുദായത്തിലുള്ളവരെ അധ്യാപകരായി നിയമിക്കുന്നതു ഇതുവരെ പ്രയോജനം ചെയ്തില്ല. കുട്ടികള്‍ അവരിലേക്കൊതുങ്ങാനെ ഇതുപകരിക്കൂ. പൊതു സമൂഹത്തിന്റെ ഭാഷയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നത് ബുദ്ധിമുട്ടാണ്ടാക്കും. പതിവിനു വിപരീതമായി പൊതുവിഭാഗത്തിലുള്ള കുട്ടികളെ എത്തിക്കാനാണ് ഇവിടെ ശ്രമിച്ചത്. അതു വിജയം കണ്ടു. അവര്‍ മറ്റു വിദ്യാലയങ്ങളില്‍ പോകുന്നതു തടഞ്ഞു നിര്‍ത്താനായി. ആദിവാസി കുട്ടികള്‍ക്ക് ഇവിടെ വരികയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലല്ലോ?’ എം.എ. പൗലോസ് തന്റെ വിദ്യാഭ്യാസ വീക്ഷണം ഇങ്ങിനെ പറഞ്ഞു.
ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള ജില്ലയാണ് വയനാട്. മുന്നില്‍ തിരുനെല്ലി, നൂല്‍പുഴ പഞ്ചായത്തുകള്‍. നൂല്‍പുഴയില്‍ ഏതാണ്ട് 40 ശതമാനത്തിനടത്തുവരും ആദിവാസി ജനസംഖ്യ. കുട്ടികളേറെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രലോഭനം എത്താത്തതുകൊണ്ടിവരുടെ മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് ഹേതു. അപവാദം എയ്ഡഡ് സ്‌കൂളുകളാണ്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലനിര്‍ത്താനായി എയ്ഡഡ് സ്‌കൂളുകള്‍ കുട്ടികളെ പിടിക്കാനിറങ്ങാറുണ്ട്. യാത്രയ്ക്കു വാഹനമൊരുക്കിയും മറ്റ് വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് ഈ “ഇര” പിടുത്തം. അവശേഷിക്കുന്നവരുടെ ശരണം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തന്നെ.
1, 5, 8 ക്ലാസ്സുകളിലായി 8613 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലും 4200 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 2016 ല്‍ വയനാട് ജില്ലയില്‍ പ്രവേശനം നേടി. ഇതില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ എത്രയെന്നതും അവരില്‍ എത്രപേര്‍ ഒന്നാം തരം പൂര്‍ത്തിയാക്കിയെന്നതും പരസ്യമാക്കാവുന്ന വിവരമല്ല. അവ്യക്തതയ്ക്കു പ്രധാന കാരണം കൊഴിഞ്ഞുപോക്കെന്ന പ്രതിഭാസം.
ആദിവാസികള്‍ക്കിടയിലെ വിദ്യാവിമുഖതയ്ക്കു കടിഞ്ഞാണിടാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ക്ക് കയ്യും കണക്കുമില്ല. ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും വര്‍ഷങ്ങളായി അവതരിപ്പിച്ച പരിപാടികള്‍ക്കൊന്നിനും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല. വിജയ സാധ്യതയുള്ളവയ്ക്കു പിന്‍തുടര്‍ച്ചയുണ്ടായില്ലെന്നത് ഈ രംഗത്തെ മറ്റൊരു വൈരുദ്ധ്യം. ഊരുകളില്‍ മടിപടിച്ചിരിക്കുന്ന കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതി നിലയ്ക്കാന്‍ കാരണമായത് ഭരണമാറ്റമായിരുന്നു എന്നത് ഒരുദാഹരണം മാത്രം.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശത്തിന്റെ ഭാഗമാണ് ഹൈടെക് ഡിജിറ്റല്‍ ക്ലാസ്സു മുറികള്‍. ഹൈസ്‌കൂളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയത്. ഈ നീക്കത്തെ പിന്തുടര്‍ന്ന് അപ്പര്‍ പ്രൈമറി, പ്രൈമറി തലങ്ങളിലും ഇതേ ശ്രമമുണ്ടായി.
ത്രിതല പഞ്ചായത്തുകളുടെയും നിയമസഭാംഗങ്ങളുടെയും പ്രാദേശിക വികസന വിഹിതമുപയോഗിച്ചും ഇത്തരം വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സു മുറികള്‍ നിര്‍മ്മിച്ചു. ഓരോ മുറിയ്കും ഒരു ലക്ഷം രൂപയോളം ചെലവഴിച്ചു. രക്ഷാകര്‍തൃ സംഘടനകളുടെ പങ്കാളിത്തവും ഈ ഉദ്യമത്തിനു കാര്യമായി ലഭിച്ചില്ല.
ഒന്നാം തരം ക്ലാസ്സു മുറികള്‍ സ്മാര്‍ട്ടായി മാറിയപ്പോഴും, വിദ്യാലയങ്ങളില്‍ നിന്നകന്നു നില്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ മനോഭാവത്തിനു മാറ്റമുണ്ടാവുന്നില്ലെന്നും തെളിയിക്കുന്നതാണ് പ്രഥമദിനാനുഭവം. ക്ലാസ്സു മുറികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണമെന്ന വിശാല കാഴ്ചപ്പാട് നഷ്ടമാവുന്നു എന്നു തന്നെയാണ് ന്യൂനപക്ഷത്തിന്റെ അനാഭിമുഖ്യത്തിനു കാരണവും.
ബാല്യത്തിന്റെ ചുറ്റുപാടില്‍ നിന്നും തീര്‍ത്തും ഭിന്നമായ ഒരന്തരീക്ഷം ക്ലാസ്സു മുറികളില്‍ അനുഭവപ്പെടുന്നതാണ് ഇവിടെ പ്രധാന പ്രശ്‌നം. വീടുകളുടെ ദയനീയ ചുറ്റുപാടില്‍ നിന്നാണ് വയനാട്ടിലെ ആദിവാസി കുട്ടികളില്‍ ഭൂരിഭാഗവും വിദ്യാലയങ്ങളിലെത്തുന്നത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍, വെളിച്ചം കയറാത്ത കുടിലനകം, മലിനമായ ഊരും പരിസരവും എന്നിവയെല്ലാം. ഭാഷ അതിലും പ്രധാനം. അതുവരെ പരിചയിച്ചിട്ടില്ലാത്ത ശബ്ദകോലാഹലമാണ് ഈ കുട്ടികളെ വിദ്യാലയങ്ങളില്‍ കാത്തിരിക്കുന്നത്. പ്രസരിപ്പും ചൊടിയുമില്ലാതെ ക്ലാസ്സു മുറികളിലെ ഒരു മൂലയിലേക്ക് ഒതുങ്ങി നില്‍ക്കാന്‍ മാതമംഗലത്തെ കുട്ടികളെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ലെന്ന് ഗവേഷണം കൂടാതെ മനസ്സിലാക്കാനാവും. വിദ്യാലയത്തിലെത്തിലെ ആദ്യ ദിനത്തിലാരംഭിക്കുന്ന ഈ അന്തര്‍മുഖത്വത്തിനു വിരാമിടാന്‍ മിക്കകുട്ടികള്‍ക്കും കഴിയാറുമില്ല. അങ്ങനെ ‘കൊഴിഞ്ഞു പോക്കാരംഭിക്കും’. ഈ പ്രശ്‌നത്തെ മറികടക്കാന്‍ വര്‍ഷങ്ങളായി ശ്രമമുണ്ട്. ഫലം ചെയ്യുന്നില്ലെന്നു മാത്രം.
ജീവിച്ച ചുറ്റുപാടില്‍ നിന്നകലാത്ത പ്രാഥമിക വിദ്യാഭ്യാസമെന്ന സാമാന്യ നീതി ഇവിടെ അവഗണിക്കപ്പെടുന്നു. മുഖ്യധാരയെന്ന ഉമ്മാക്കിയില്‍ കുട്ടികളെ തളിച്ചിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മനുവിന്റെയും മഞ്ജുവിന്റെയും ആതിരയുടെയും മുഖങ്ങളില്‍ ദൃശ്യമായ വിഹ്വലത അവരുടേതു മാത്രമല്ല. ഏതാണ്ടെല്ലാ ആദിവാസിക്കുഞ്ഞുങ്ങളുടെയും കണ്ണുകളില്‍ കാണുന്നതു സമാന നിസ്സഹായതയാണ്.