തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞ്ഞാപനത്തിനെതിരെ കേരളം നിയമനിർമ്മാണം നടത്തും. ഇതിനായുള്ള പ്രത്യേക നിയമസഭാ യോഗം ജൂൺ 8 ന് ചേരും.

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയമാണ്, കന്നുകാലി കച്ചവടം നിരോധിച്ച് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം വന്ന ഉടൻ തന്നെ ഇതിനെതിരെ നിയമ നിർമ്മാണം നടത്തുന്ന കാര്യം കേരള സർക്കാർ ആലോചിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പ്രത്യേക യോഗം വിളിക്കാനുള്ള തീരുമാനം എടുത്തത്. ജൂൺ 8 ന് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് അനുവദിച്ച് കൊണ്ട് സംസ്ഥാനം നിയമനിർമ്മാണം നടത്തും.

വിഷയത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും കേന്ദ്രതീരുമാനത്തിനെതിരെ ഒരുമിച്ച് നീങ്ങാനും ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. എന്നാൽ വളരെ ചുരുക്കം മുഖ്യമന്ത്രിമാർ മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. വിജ്ഞാപനത്തിനെതിരെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനും മുഖ്യമന്ത്രിക്ക് മറുപടി ലഭിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ