തിരുവനന്തപുരം: രാജ്യത്ത് കശാപ്പിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നിയമനിർമ്മാണം നടത്താൻ സംസ്ഥാനം പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും. ഇതിന് പുറമേ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും മന്ത്രിസഭ യോഗം അനുമതി നൽകി.

വിജ്ഞാപനത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. ഇതിനായി നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടും. പ്രതിപക്ഷവുമായി കൂടിയാലോചിച്ച് മാത്രമേ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ തീരുമാനം ഉണ്ടാകൂ.

അതേസമയം കശാപ്പ് നിരോധനം സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് ഉള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ഭൂരിഭാഗം മുഖ്യമന്ത്രിമാരും കത്തിനോട് പ്രതികരിച്ചില്ല.

അതേസമയം കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ വിലക്കുന്നില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിയമപരമായി ഇക്കാര്യം ചോദ്യം ചെയ്യാനുള്ള മറ്റ് വഴികളാണ് സംസ്ഥാനം തേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ