തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ദാതാക്കള്‍ക്കുമായി ജോബ് പോർട്ടലിന് തുടക്കം കുറിച്ചു. പിഎസ്സി വഴി അല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ഒഴിവുകളും സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് മുന്‍കൈയ്യെടുത്താണ് ജോബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. http://www.skilljobs.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ വെബ്സൈറ്റിൽ ലഭിക്കും.
വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേബര്‍ ബാങ്ക് രൂപീകരിച്ച് ഇതിനെ ജോബ് പോര്‍ട്ടലുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളും തൊഴിൽ വകുപ്പ് തുടങ്ങി.
രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍സാധ്യതകള്‍, തൊഴില്‍ദായകരുടെ ശരിയായ വിവരങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്ന അവസരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്യും. തൊഴില്‍ദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കി മാത്രമേ പോര്‍ട്ടലില്‍ റജിസ്ട്രേഷന് അനുവദിക്കുകയുള്ളൂവെന്ന് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ച തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണന് പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായാണ് പോര്‍ട്ടല്‍ പൂര്‍ത്തിയാക്കുന്നത്. ദേശീയതലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് യഥാര്‍ഥ തൊഴില്‍ പരിതസ്ഥിതിയിലുള്ള വ്യാവസായിക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങളും കെയ്സ് ആരംഭിച്ചിട്ടുണ്ട്.