കൊച്ചി: ഇടവേളയ്‌ക്ക് ശേഷം കൊച്ചി സിറ്റി പൊലീസിന് ലഭിച്ച സങ്കീർണ്ണമായ മറ്റൊരു കൊലപാതക കേസായി കുമ്പളത്ത് കണ്ടെത്തിയ അസ്ഥികൂടം. ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്ന  മൃതദേഹം പൊലീസിന് മുന്നിൽ അനവധി ചോദ്യങ്ങൾ ഉയർത്തുന്നു.

“2016 ഡിസംബറിന് മുൻപ് നടന്നതാണ് കൊലപാതകം. ഒന്ന് മുതൽ രണ്ട് വർഷം വരെ പഴക്കമുണ്ടെന്നാണ് ഞങ്ങളുടെ പ്രാഥമിക സംശയം. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. എറണാകുളം സൗത്ത് സിഐയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. വരട്ടെ, നമുക്ക് നോക്കാം. എന്തായാലും കണ്ടുപിടിക്കണമല്ലോ, പിടിക്കാം”, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശ് ഇന്ത്യൻ എക്‌സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.

Read More: ഒരു വർഷത്തിന് മുൻപ് കേരളത്തിൽ കാണാതായ 30 വയസ്സുള്ള ആ യുവതി ആര്?

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീപ്പയുടെ അകത്ത് കോൺക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകൾ വശവും കോൺക്രീറ്റ് കൊണ്ട് മൂടുകയായിരുന്നു. കൊലപാതകം ഒരിക്കലും പുറത്തറിയാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന സംശയത്തിലാണ് പൊലീസ്. തലകീഴായി നിർത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോൺക്രീറ്റ് നിറച്ചപ്പോൾ അസ്ഥികൾ ഒടിഞ്ഞുമടങ്ങിയതാകണം എന്ന് കരുതുന്നു.

കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേർന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുൻപ് മൽസ്യത്തൊഴിലാളികളാണ് കായലിൽ നിന്ന് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹം അഴുകിയതിനെ തുടർന്ന് ഇതിൽ നിന്ന് ഉയർന്ന നെയ്, ജലത്തിന്റെ ഉപരിതലത്തിൽ എത്തിയപ്പോഴാണ് മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്ന് ഇവർ വീപ്പ കണ്ടെത്തി പരിശോധിച്ചെങ്കിലും ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ കരയിലേക്ക് ഇട്ടു.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മൽസ്യബന്ധനത്തിന് എത്തിയ തൊഴിലാളികൾ ദുർഗന്ധം അനുഭവപ്പെട്ടതോടെ മനോരമ ദിനപത്രത്തിന്റെ ലേഖകൻ ശെൽവനെ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് ചിത്രം സഹിതം പത്രവാർത്ത വന്നതോടെയാണ് പൊലീസ് പരിശോധന നടത്തിയത്.

Read More: കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ ?

“വളളത്തിൽ പോയാണ് വീപ്പയുടെ ചിത്രം എടുത്തത്. വിവരം നൽകിയവർ ആദ്യം കരുതിയത്, അത് കല്ലാണെന്നാണ്. എന്നാൽ ഇന്നലെ ദുർഗന്ധം വന്നതോടെ കൊലപാതകമാണെന്ന് ഇവർ സംശയിച്ചു. കൊലപാതകമാണെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് ഞാൻ അവിടെ ചെന്നത്”, ശെൽവൻ പറഞ്ഞു.

പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശേരി സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഉന്മേഷ് പോസ്റ്റുമോർട്ടം നടത്തി. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താൻ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തിലെ തലയോട്ടിയിൽ നിന്ന് മുടിനാരുകൾ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക സംശയം. അതേസമയം, വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയം ഉണ്ട്. മുടി ബോബ് ചെയ്ത പെൺകുട്ടിയുടേതാകാനും സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും കഴിഞ്ഞ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ. പനങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

വീപ്പയ്ക്ക് അകത്ത് കണ്ടെത്തിയ അസ്ഥി

“അങ്ങിനെയൊന്നും ഒന്നും ഒളിപ്പിക്കാൻ പറ്റില്ലെന്ന് മനസിലായില്ലേ. കോൺക്രീറ്റ് വച്ച് അടച്ച് വെള്ളത്തിൽ കളഞ്ഞതാണ്. ദേ പൊങ്ങിവന്നേക്കണ്. ഇതിന് പിന്നിലുള്ളവരെ പൊലീസ് പിടികൂടുമെന്നാണ് കരുതുന്നത്, നാട്ടുകാരനായ ഒരാൾ പറഞ്ഞു. “കായലിൽ കെട്ടിത്താഴ്ത്തിയാലും പുറത്തെത്തേണ്ടത് പുറത്തെത്തും”, പനങ്ങാട് എസ്ഐ റജിൻ എം.തോമസ് പ്രതികരിച്ചു.

മൃതദേഹത്തിൽ ഫോറൻസിക് വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമേ 1600 രൂപയും കണ്ടെത്തി. നിരോധിച്ച 500 രൂപയുടെ മൂന്ന് നോട്ടുകളും ഒരു 100 ന്റെ നോട്ടുമാണ് കണ്ടെത്തിയത്.

നെട്ടൂരിൽ കഴിഞ്ഞ നവംബറിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ചാക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കാൻ ഇഷ്ടിക നിറച്ചാണ് കായലിൽ താഴ്ത്തിയത്. സമാനമായ നിലയിൽ വീപ്പയ്ക്ക് അകത്തും ഇഷ്ടിക കണ്ടെത്തിയത് ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. അതേസമയം കേസന്വേഷണത്തിന്റെ ചുമതല ലഭിച്ചിട്ടേയുള്ളൂ, ഒന്നും പറയാറായിട്ടില്ലെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.