കൊച്ചി: കുമ്പളം പൊതു ശ്മശാനത്തിനോട് ചേർന്നുള്ള പറമ്പിൽ വീപ്പയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ, 2016 ഡിസംബറിന് മുൻപ് കാണാതായ യുവതികളുടെ വിശദാംശങ്ങൾ തേടി കൊച്ചി പൊലീസ്. മരിച്ചത് 30 വയസിനോടടുത്ത് പ്രായമുളള സ്ത്രീയാണെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചു. ഫോറൻസിക് സർജൻ ഉമേഷാണ് സ്ത്രീയാണെന്ന പ്രാഥമിക നിഗമനം ഇന്നലെ പൊലീസിന് കൈമാറിയത്.

പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്തിയ വെള്ളിയരഞ്ഞാണം, നാലാക്കി മടക്കി കൈയ്യിൽ സൂക്ഷിച്ചിരുന്ന 1600 രൂപ എന്നിവയും വസ്ത്രത്തിന്റെ അവശിഷ്ടവുമാണ് പൊലീസിന് ലഭിച്ച പ്രധാന തെളിവുകൾ. വീപ്പയുടെ മുകളിൽ ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ പേര് കണ്ടെത്തിയത് നിർണ്ണായകമായി. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ കൂടി ലഭിച്ചാൽ മാത്രമേ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാകൂ.

“കേരളത്തിൽ 30 വയസ്സിനോടടുത്ത് പ്രായമുള്ള കാണാതായ യുവതികളുടെ പേര് വിവരം നൽകാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. 2016 ഡിസംബറിന് മുൻപ് കാണാതായവരുടെ പേര് വിവരങ്ങളാണ് ശേഖരിക്കുന്നത്”, തൃക്കാക്കര എസിപി പിപി ഷംസ് പറഞ്ഞു.

Read More: വീപ്പയിലെ അസ്ഥികൂടം; കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ?

അസ്ഥികൂടത്തിൽ തലയോട്ടിയിൽ നിന്ന് മരിച്ചയാളിന്റെ പ്രായം, ഉയരം, ലിംഗം എന്നിവ തിരിച്ചറിയാനാകുമെന്നാണ് ഫോറൻസിക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കാണാതായ സ്ത്രീകളുടെ വിവരങ്ങളുമായി തട്ടിച്ച് നോക്കി സാമ്യമുള്ളത് കണ്ടെത്താനാകും. ഇതിൽ സംശയം തോന്നുന്നവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിച്ച് മരിച്ചത് ആരെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

“തലയോട്ടി മുതൽ കാൽപാദം വരെയുളള അസ്ഥികൂടമാണ് വീപ്പയിൽ നിന്ന് ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാതെ നമുക്കിതിന്റെ കാലപ്പഴക്കം വിലയിരുത്താൻ സാധിക്കില്ല. ഒന്നു രണ്ടാഴ്ച കൊണ്ട് ശാസ്ത്രീയമായ പരിശോധനകളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. അതുകഴിഞ്ഞാൽ അന്വേഷണം കൂടുതൽ ശക്തമാകും”, അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.

മുൻപും കോൺക്രീറ്റ് കൊണ്ട് മൂടിയ മൃതശരീരം കണ്ടെത്തിയിരുന്നതായി കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഒരു ഡോക്ടർ പറഞ്ഞു. “ഇത്തരത്തിലുള്ള അസ്ഥികൂടങ്ങളിൽ നിന്ന് വിവരം ശേഖരിക്കാനാവും. അതിസങ്കീർണ്ണമായ കേസല്ല ഇത്. പൊലീസിന് അന്വേഷണത്തിൽ സഹായകരമാകുന്ന ഒട്ടേറെ കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ അറിയാൻ പറ്റും. മരിച്ചയാളിന്റെ ഉയരം, പ്രായം, ലിംഗം ഇതൊക്കെ അറിയാൻ സാധിക്കും”, അദ്ദേഹം പറഞ്ഞു.

Read More: കൊച്ചിക്കാരെ ഞെട്ടിച്ച് കൊലപാതക വാർത്ത; പൊലീസിനെ കുഴക്കി നോട്ടും തലമുടിയും

അതേസമയം ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ പേരുള്ള വീപ്പയാണെങ്കിലും ആ നിലയ്ക്ക് അന്വേഷണം മധ്യകേരളത്തിൽ നിന്ന് കാണാതായവരിലേക്ക് മാത്രമായി ഒതുക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. “അങ്ങിനെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയോ, കൊച്ചിയോ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്താൻ സാധിക്കില്ല. ലഭ്യമായ വിവരങ്ങളിൽ കൊളുത്തോടെയുളള അരഞ്ഞാണം ഉണ്ട്. അത് വിശദമായി പരിശോധിക്കും. മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ട് നാലായി മടക്കി കൈയ്യിൽ വച്ച നിലയിലായിരുന്നു. കേസന്വേഷണത്തിന് സഹായകരമായ തെളിവുകളും അസ്ഥികൂടത്തിനൊപ്പം ലഭിച്ചിട്ടുണ്ട്”, തൃക്കാക്കര എസിപി പറഞ്ഞു.

വീപ്പ കണ്ടെത്തിയ പറമ്പിൽ മുൻപ് മാലിന്യം കൊണ്ടുവന്ന് തള്ളിയിരുന്നു. എന്നാൽ ഒരു വർഷം മുൻപ് ഇവിടം വൃത്തിയാക്കുകയും മതിൽകെട്ടുകയും ചെയ്തു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വീപ്പ ആദ്യം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തേക്കും. ഈ പറമ്പിന് സമീപത്ത് വീടുകളിലില്ലാത്തതിനാൽ സ്ഥലം നന്നായി അറിയാവുന്ന ആളുകളാവും കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ