കൊച്ചി: കുമ്പളത്ത് വീപ്പയ്ക്ക് അകത്തുനിന്ന് 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വീപ്പയ്ക്ക് അകത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ വീപ്പ തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

10 മാസം മുൻപ് കായലിൽ തളളിയ നിലയിലായിരുന്ന വീപ്പ മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട് 2 മാസം മുൻപാണ് മൽസ്യത്തൊഴിലാളികൾ വീപ്പ കരയ്ക്ക് എത്തിച്ചത്. വീപ്പയിൽനിന്നും ദുർഗന്ധം വമിച്ചതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇഷ്ടിക നിറച്ച് അതിനു മുകളിൽ കോൺക്രീറ്റ് ഇട്ട് അടച്ച നിലയിലായിരുന്നു വീപ്പ. വീപ്പയ്ക്ക് അകത്തുനിന്നും നിരോധിച്ച 500 രൂപ നോട്ട് 3 എണ്ണവും ഒരു 100 രൂപ നോട്ടും കണ്ടെടുത്തു. തുണിയും കണ്ടെടുത്തിട്ടുണ്ട്. തുണി അഴുകിയ നിലയിലായിരുന്നു.

മനുഷ്യ ശരീരം വീപ്പയ്ക്കുളളിൽ ആക്കുകയും പിന്നീട് കോൺക്രീറ്റ് ഇട്ട് അടയ്ക്കുകയുമായിരുന്നെന്നാണ് പരിശോധനയിൽ വ്യക്തമായത്. ശാസ്ത്രീയ പരിശോധനകൾക്കുശേഷം മാത്രമേ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ