കൊച്ചി: രണ്ടു മാസത്തിനിടെ നെട്ടൂർ കായലിൽ നിന്നും രണ്ടാമത്തെ മൃതശരീരവും പുറത്തെത്തിയതോടെ കൊച്ചി സിറ്റി പൊലീസ് കടുത്ത സമ്മർദ്ദത്തിൽ. വീപ്പയിൽ മൃതശരീരം കണ്ടെത്തിയ സംഭവത്തിയ സംഭവത്തിൽ 30 അംഗ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അതേ സമയം പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ 153 സെൻറിമീറ്റർ ഉയരമെന്നതടക്കം കൂടുതൽ വിവരങ്ങൾ മൃതശരീരത്തെ കുറിച്ച് പൊലീസിന് ലഭിച്ചു.

നെട്ടൂരിൽ ചാക്കിൽ 50 കിലോ ഭാരമുള്ള കോൺക്രീറ്റ് കട്ട കെട്ടി താഴ്ത്തിയ യുവാവിന്റെ മൃതദേഹം പൊങ്ങി വന്നതിന് പിന്നാലെയാണ് അടുത്ത കൊലപാതകവും പുറത്തു വന്നത്. യുവാവിന്റെ കൊലപാതക കേസിൽ ഏഴ് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ വീപ്പയിലെ മൃതശരീരം സംബന്ധിച്ച് അന്വേഷണത്തിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥർ അടിയന്തിര യോഗം ചേർന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി.ഷംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. അന്വേഷണ ഉദ്യോഗസ്ഥരായ എറണാകുളം സൗത്ത് സിഐ സിബി ടോം, പനങ്ങാട് എസ്ഐ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്ലാസ്റ്റിക് ചാക്കിൽ കോൺക്രീറ്റ് കട്ട വച്ച് കായലിൽ താഴ്ത്തിയ യുവാവിന്റെ മൃതദേഹം നവംബർ അഞ്ചിനാണ് ലഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണ് കോൺക്രീറ്റ് മിക്സ് ഉറപ്പിച്ചത്. ഇതിന് സമാനമായ നിലയിലാണ് ഇന്നലെ വീപ്പയിൽ കണ്ടെത്തിയ കോൺക്രീറ്റ് കട്ടയും. ഇഷ്ടിക അടുക്കി വച്ച ശേഷം കോൺക്രീറ്റ് മിക്സ് കൊണ്ട് ബന്ധിപ്പിച്ച വിധത്തിലാണ് ഇതുള്ളത്. അതിനാൽ സംഭവത്തിന് പിന്നിൽ ഒരേ സംഘമായിരിക്കുമെന്നും പൊലീസ് സംശയിക്കുന്നു.

വീപ്പയിൽ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളിൽ ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടന്നു. തലയോട്ടിയിൽ നടത്തിയ പരിശോധനയിൽ 153 സെന്റിമീറ്റർ ഉയരമുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. തലയോട്ടിയുടെ ആകൃതിയിൽ നിന്ന് മുഖത്തിന്റെ ഏകദേശ രൂപം കണ്ടത്താൻ ഫോറൻസിക് സംഘത്തോട് കൊച്ചി സിറ്റി പൊലീസ് നിർദ്ദേശം നൽകി.

മൃതദേഹം വായു സമ്പർക്കം ഇല്ലാതെ അടച്ചത് നിർണ്ണായകമായെന്നാണ് ഫോറൻസിക് വിദഗ്‌ധർ പൊലീസിനോട് പറഞ്ഞത്. ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ അസ്ഥികൾ ജീർണിക്കാൻ കൂടുതൽ സമയമെടുക്കും. സാധാരണയിലേതിനേക്കാൾ എട്ട് മടങ്ങ് അധികം സമയം എടുക്കാനുള്ള സാധ്യതയുണ്ട്. എല്ലാ അസ്ഥികളിലും ഡോക്ടർമാർ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളിന്റെ കാലിൽ മരിക്കുന്നതിന്റെ മൂന്ന് മാസം മുൻപ് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. എന്നാൽ എല്ലുകൾ ഉറച്ചിരുന്നില്ലെന്നത് പൊലീസിന് സഹായകരമാകുന്ന നിർണ്ണായക കണ്ടെത്തലായി.

എന്നാൽ കാണാതായ ട്രാൻസ്ജെൻഡറുകളുടെയും വിവരം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അരഞ്ഞാണത്തിന് നീളം കുറവായതിനാൽ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന സംശയവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ