തിരുവനന്തപുരം: സ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍നിന്നു കശ്മീരിലേക്കു യാത്ര തിരിച്ച തിരുവനന്തപുരം സ്വദേശി അനസ് ഹജാസ് (30) വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ പഞ്ചകുളയിലെ കല്‍ക്കയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ട്രക്കിടിച്ച്് മരിച്ചതായാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാര് കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മകനായ അനസ് ഹജാസ് മേയ് 29നാണു കന്യാകുമാരിയില്‍നിന്നു യാത്ര ആരംഭിച്ചത്. യാത്ര അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അപകടത്തില്‍പെട്ടത്.
മധുരൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ സ്ഥലങ്ങള്‍ വഴിയാണു അനസ് സഞ്ചരിച്ചത്. മധ്യപ്രദേശും ഉത്തര്‍പ്രദേശും പിന്നിട്ട് ഹരിയാനയിലെ ബഞ്ചാരിയിലെത്തിയെന്നും കശ്മീരിലേക്ക് 813 കിലോമീറ്റര്‍ മാത്രമേയുള്ളൂവെന്നും അനസ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
പരുക്കേറ്റു കിടന്ന ഹജാസിനെ കല്‍ക്ക നിവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അജാസിന്റെ സുഹൃത്താണു ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിച്ചു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട അനസ് രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. അനസിന്റെ യാത്രകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. അജിംഷ അമാനി, സുമയ്യ എന്നിവരാണ് അനസിന്റെ സഹോദരങ്ങള്‍.