കൊച്ചി: സൗമ്യയുടെ മരണത്തിന്റെ ആറാം ദുരന്ത വാർഷികമാണിന്ന്. 2011 ഫിബ്രവരി ഒന്നിന് ഗോവിന്ദച്ചാമിയുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ തിരുത്തൽ ഹർജി നൽകിയതാണ് കേസിലെ ഒടുവിലത്തെ നില.

2011 ഫിബ്രവരി ഒന്നിന് വൈകിട്ട് എറണാകുളം ഷൊർണ്ണൂർ പാസഞ്ചറിൽ വീട്ടിലേക്ക് പോവുകയായിരുന്ന സൗമ്യ ലേഡീസ് കംപാർട്മെന്റിൽ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. തീവണ്ടി വള്ളത്തോൾ നഗർ റയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കംപാർട്മെന്റിലേക്ക് അതിക്രമിച്ച് കടന്ന ഗോവിന്ദച്ചാമി സൗമ്യയുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് സൗമ്യ തീവണ്ടിയിൽ നിന്നും താഴെ ട്രാക്കിൽ തലയിടിച്ച് വീണു. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. രാത്രി പത്തരയോടെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുന്പോഴേക്കും മരണത്തിനും ജീവിതത്തിനും ഇടയിൽ അതീവ ഗുരുതര നിലയിലായിരുന്നു പെൺകുട്ടി.

ഫിബ്രവരി മൂന്നിനാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഒറ്റക്കൈയ്യനായ ഒരാൾ കംപാർട്മെന്റിൽ കയറുന്നത് കണ്ടെന്ന സാക്ഷിമൊഴികളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഫിബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൗമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജൂൺ 7 ന് തൃശ്ശൂർ അഥിവേഗ കോടതിയിൽ ആരംഭിച്ച വിചാരണയിൽ സൗമ്യയുടെ നഖത്തിൽ നിന്ന് ലഭിച്ച ത്വക്ക്, ശരീരത്തിൽ കണ്ടെത്തിയ പുരുഷബീജത്തിന്റെ അംശം എന്നിവയടക്കം 41 തൊണ്ടിമുതലുകൾ ഗോവിന്ദച്ചാമിയ്‌ക്കെതിരെ ശക്തമായ തെളിവായി. എന്നാൽ വിചാരണയ്‌ക്കിടയിൽ പ്രോസിക്യുഷൻ സാക്ഷിയായ ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് വേണ്ടി മൊഴി നൽകിയത് കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചു.

ഗോവിന്ദച്ചാമിയ്ക്കെതിരായ കൊലപാതകം, കവർച്ചാശ്രമം, അതിക്രമിച്ച് കടക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ശരിവച്ചുകൊണ്ട് നാല് മാസത്തിന് ശേഷം തൃശ്ശൂർ അതിവേഗ കോടതി ഉത്തരവിട്ടു. ഡോ.ഉന്മേഷിനെതിരെ അന്വേഷണം നടത്താനുള്ള കോടതി ഉത്തരവിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തു. നവംബർ 11 ന് പുറപ്പെടുവിച്ച വിധിയിൽ ഗോവിന്ദച്ചാമിയ്ക്കെതിരെ ജീവപര്യന്തം തടവും വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

രണ്ട് വർഷങ്ങൾക്ക് ശേഷം 2013 ഡിസംബർ 17 ന് കേരള ഹൈക്കോടതിയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ചു. ജസ്റ്റിസുമാരായ ടി.എൽ.രാമചന്ദ്രൻ നായരും കെമാൽ പാഷയും ഗോവിന്ദച്ചാമിയുടെ എല്ലാ വാദങ്ങളും തള്ളി.

എന്നാൽ അനുകൂലമായ രണ്ട് വിധിയും സുപ്രീം കോടതിയിൽ പ്രോസിക്യുഷനെ തുണച്ചില്ല. സൗമ്യയെ തീവണ്ടിയിൽ നിന്ന് തള്ളിയിട്ടതിന് ഗോവിന്ദച്ചാമിയ്ക്കെതിരെ തെളിവില്ലെന്ന കാരണത്തോടെ ഗോവിന്ദച്ചാമിയ്‌ക്ക് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ജീവപര്യന്തം തടവും വധശിക്ഷയും തള്ളിയ കോടതി ഗോവിന്ദച്ചാമിയ്ക്ക് വെറും ഏഴ് വർഷം തടവു മാത്രമാണ് ശിക്ഷ നൽകിയത്.

കേസിൽ സുപ്രീം കോടതിയിൽ വാദം കേട്ട ജഡ്ജിമാർ മൂവരും തിരുത്തൽ ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലുണ്ട്. സൗമ്യയുടെ ശരീരത്തിലെ രണ്ട് പ്രധാന മുറിവുകളിൽ ഒന്ന് മാത്രമാണ് ഗോവിന്ദച്ചാമി ഏൽപ്പിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദത്തിനെതിരായാണ് പ്രോസിക്യുഷൻ മുന്നോട്ട് പോകുന്നത്. തീവണ്ടിയിൽ വച്ച് ഏറ്റ മുറിവിന്റെ കാരണക്കാരൻ ഗോവിന്ദച്ചാമിയാണെന്നും അതിനാൽ രണ്ടാമത്തെ മുറിവ് ഉണ്ടാകാനുള്ള കാരണക്കാരനും ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യുഷൻ വാദിക്കും. തിരുത്തൽ ഹർജിയിൽ സൗമ്യയുടെ വാദം അംഗീകരിക്കപ്പെടുമോ ഇല്ലയോ എന്നതാണ് ഉറ്റുനോക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ