scorecardresearch
Latest News

തലശേരിയില്‍ ആറ് വയസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

നവംബര്‍ മൂന്നാം തീയതിയായിരുന്നു കാറില്‍ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ബാലനെ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി പരിക്കേല്‍പ്പിച്ചത്

തലശേരിയില്‍ ആറ് വയസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശേരിയില്‍ ആറ് വയസുകാരനെ യുവാവ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. സംഭവം നടന്ന ദിവസം പ്രതിയെ കസ്റ്റഡിയിലെടുത്തിട്ട് വിട്ടയച്ചതും കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന കാര്യം സാക്ഷികള്‍ പറഞ്ഞിട്ടും ഗൗരവമായി കണ്ടില്ലെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ റൂറല്‍ എസ് പി പി ബി രാജീവ് ഇത് സംബന്ധിച്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കി.

നവംബര്‍ മൂന്നാം തീയതിയായിരുന്നു കാറില്‍ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ബാലനെ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി പരിക്കേല്‍പ്പിച്ചത്. ശിഹ്ഷാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ശിഹ്ഷാദിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാരാണ് ശിഹ്ഷാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശിഹ്ഷാദിന്റെ ആരോപണം.

കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വ്യാപകമായി വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

കുട്ടിക്കെതിരെ നടന്നത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Six year old beaten at thalasseri report against police