മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കോളജിൽ നിന്നും പുറത്താക്കാൻ തീരുമാനം.
എസ് എഫ് ഐ മുൻ യൂണിറ്റഅ സെക്രട്ടറി വിഷ്ണു, ഇപ്പോഴത്തെ യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീർ, അഫ്രീദി, പ്രജിത്ത് കെ ബാബു, അശ്വിൻ പി ദിനേശ് ഇവർക്കെതിരായാണ് നടപടി. കസേര കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് ആരോപിച്ചാണ് നടപടി.

ജനുവരി 19 നാണ് കസേരകത്തിക്കൽ സംഭവം നടന്നത്. കോളജിൽ ആ സമയത്ത് അരങ്ങേറിയ ചില അനിഷ്ട സംഭവങ്ങളുടെ തുടർച്ചയിലാണ് കസേര കത്തിക്കലുണ്ടായത്. പ്രിൻസിപ്പലിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ സി പി എമ്മിന്റെ അധ്യാപക സംഘടനയായ എ കെ ജി സി ടി എ ജാഥ നടത്തി. പ്രിൻസിപ്പലിന്റെ ചേംന്പറിലേയ്ക്കായിരുന്നു ജാഥ. ജീവനക്കാർക്കും അധ്യാപകർക്കും എതിരായുളള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അധ്യാപക സംഘടനയുടെ പ്രതിഷേധ പ്രകടനം. പ്രിൻസിപ്പൽ മുറിയിൽ ഇല്ലാതിരുന്നതിനാൽ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ​ പ്രതിഷേധ പ്രകടനം നടത്തി അധ്യാപകർ പിരിഞ്ഞു. തുടർന്നാണ് വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനവും അത് കൈവിട്ട് കസേര കത്തിക്കലിലും എത്തിയത്. നേരത്തെ കോളജിനുളളിൽ ചില പോസ്റ്ററുകൾ പതിച്ചതും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഒന്നിച്ച് ഇരിക്കുന്നതും നടക്കുന്നുതുമൊക്കൊ സംബന്ധിച്ച് പ്രിൻസിപ്പലെടുത്ത നടപടികളും പരാമർശങ്ങളും കോളജിനകത്ത് മാത്രമല്ല, പുറത്തും വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. പോസ്റ്റർ വിവാദം പൊലീസ് കേസാവുകയും കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ കുറിച്ച് മൂന്നംഗം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അധ്യാപകരടക്കമുളളവർക്കെതിരെ ഈ​ സംഭവമുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു.
കഴിഞ്ഞ ദിവസം കോളജിലെ സ്റ്റാഫ് ഹോസറ്റലിൽ നിന്നും പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു എന്ന വാർത്ത വന്നതിന് തൊട്ടു പിന്നാലെയാണ് അച്ചടക്ക നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ