കോഴിക്കോട്: തിങ്കളാഴ്ച രാത്രി വിദേശത്തു നിന്നെത്തിയ ആറ് പേർക്ക് കോവിഡ് ലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈനിൽ നിന്നെത്തിയ നാല് പേർക്കും ദുബായിൽ നിന്നെത്തിയ രണ്ടു പേർക്കുമാണ് രോഗലക്ഷണമുള്ളത്.

മൂന്നുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. നാല് പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ മറ്റുയാത്രക്കാര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ ആംബുലന്‍സ് എത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.

Read More: ഐഎൻഎസ് മഗർ ഇന്ന് ആശ്വാസതീരമണയും; കൊച്ചിയിലെത്തുന്നത് 202 പ്രവാസികൾ

തിങ്കളാഴ്ച രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്കും രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലർച്ചെ 12.40 നാണ് ഐ എക്‌സ് – 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

ദുബായില്‍ നിന്നുള്ള 178 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. എയര്‍ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. യാത്രക്കാരില്‍ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു വയസില്‍ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് വിമാനത്തിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാവിലെ 11നാണ് വിമാനം നെടുമ്പാശേരിയില്‍നിന്നു ദുബായിലേക്കു പുറപ്പെട്ടത്. പ്രവാസികളുമായി രണ്ടു വിമാനങ്ങള്‍ കൂടി ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തും. ദമാമില്‍ നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരില്‍നിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.

അതേസമയം മസ്‍കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.

ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്‍കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തില്‍ നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook