കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്‌തു. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തു വിട്ടയക്കുന്നത്. നേരത്തെ എൻഫോഴ്‌സ്‌മെന്റും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. സ്വർണക്കടത്ത് കേസ് മുഖ്യപ്രതികളുമായി ശിവശങ്കറിനു അടുത്ത ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ഇന്നു ചോദ്യം ചെയ്യൽ നടന്നത്. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ നേരത്തെ എൻഐഎ ഓഫീസിൽ എത്തിച്ചിരുന്നു. സ്വപ്‌നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷിനെ എൻഐഎ കസ്റ്റഡിയിൽവിട്ടത്. സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് റിപ്പോർട്ട്.

Read More: സെക്രട്ടറിയേറ്റ് തീപിടിത്തം: നയതന്ത്ര ഫയലുകൾ കത്തിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി

ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. നേരത്തെ രണ്ട് ദിവസം തുടർച്ചയായി അദ്ദേഹത്തെ ഏജൻസി ചോദ്യം ചെയ്തിരുന്നു. ആദ്യ ദിവസം ഒൻപത് മണിക്കൂറിലേറെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. രണ്ടാം പത്ത് മണിക്കൂറില്‍ അധികമാണ് ചോദ്യം ചെയ്തത്.

ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തിയിരുന്നു. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Read More: പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിച്ചു നൽകും: ഇ ശ്രീധരൻ

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കർ മൂന്ന് തവണ വിദേശയാത്ര നടത്തിയിട്ടുള്ളതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. 2017 ഏപ്രിലിൽ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു. ഇക്കാര്യം ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.