തിരുവനന്തപുരം: തന്നെ കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിലിന്റെ മൊഴി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ആശുപത്രിയിലെത്തി കണ്ടാണ് പൊലീസ് മൊഴിയെടുത്തത്. നസീം പിടിച്ച് നിര്‍ത്തിയപ്പോള്‍ ശിവരഞ്ജിത് കുത്തുകയായിരുന്നുവെന്നാണ് അഖിലിന്റെ മൊഴി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പ്രകോപനത്തിന് ഇടയാക്കിതെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ അനുസരിക്കാത്തവരുണ്ടായിരുന്നു. ഇവരോട് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു.

വ്യക്തമായ മൊഴിയാണ് അഖില്‍ നല്‍കിയിരിക്കുന്നതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പൊലീസിനോടും പറഞ്ഞിരിക്കുന്നത്.

അതേസമയം, കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തിയാണ് 25 അംഗ കമ്മിറ്റി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വര്‍ഷ എംഎ വിദ്യാർഥിയുമായ എ.ആര്‍.റിയാസാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ വിദ്യാർഥിയുമായ വീണയാണ് ജോയിന്റ് കണ്‍വീനര്‍.

Read More: ശക്തമായ നടപടിയെടുത്തിട്ടുണ്ട്; ഇനിയും പ്രശ്‌നങ്ങളുണ്ടാക്കുന്നത് നന്നല്ല: പിണറായി വിജയന്‍

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ ഉചിതമായ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ശരിയായ കാര്യമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം സെക്രട്ടറിയേറ്റ് പരിസരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എംഎസ്എഫ് മാര്‍ച്ചില്‍ തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധ പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ചിതറിയോടി. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.