ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു

swami prakashananda, swami prakashananda passes away, shivagiri mutt, varkkala, ie malayalam

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്ന അന്ത്യം. മൃതദേഹം ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും.

വാർധക്യസഹജമായ ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊല്ലം പിറവന്തൂർ കളത്താരടി തറവാട്ടിൽ 1922 ഡിസംബറിലായിരുന്നു പ്രകാശാനന്ദയുടെ ജനനം. കുമാരൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ശ്രീനാരായണ ഗുരുവിൽനിന്നു നേരിട്ടു സന്ന്യാസ ദീക്ഷ സ്വീകരിച്ച സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായയി ഇരുപത്തിരണ്ടാം വയസിലാണു ശിവഗിരിയിലെത്തിയത്. മുപ്പത്തി അഞ്ചാം വയസിലാണ് സന്യാസദീക്ഷ സ്വീകരിച്ചത്.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു. 1995-97 കാലയളവിലും 2006 മുതൽ 2016വരെയും അധ്യക്ഷ പദവി വഹിച്ചു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചതും ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നതും.

Also Read: സമാനതകളില്ലാത്ത മികവിന്റെ ഉടമ; ദിലീപ് കുമാറിന് വിട

സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sivagiri mutt former head swami prakashananda passes away

Next Story
ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com