പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് പോയി കാണാതായ പന്തളം സ്വദേശി ശിവദാസൻ മരിച്ചത് തുടയെല്ല് പൊട്ടി ചോര വാർന്നാണെന്ന് പോസ്റ്റുമോർട്ടത്തിൽ സൂചന. തുടയെല്ല് പൊട്ടിയത് വീഴ്ചയിൽ നിന്നോ അപകടം കൊണ്ടോ ആകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
നിലയ്ക്കലിൽ കഴിഞ്ഞ മാസം 16,17 തീയ്യതികളിൽ നടന്ന അക്രമത്തിനിടെയാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിച്ചിരുന്നു. എന്നാൽ ഒക്ടോബർ 18 നാണ് ശിവദാസൻ വീട്ടിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടത്. ഒക്ടോബർ 19 ന് ഇദ്ദേഹം ശബരിമലയിൽ നിന്നും മറ്റൊരു തീർത്ഥാടകന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചിരുന്നു.
പിന്നീടാണ് ഇദ്ദേഹത്തെ കാണാതായത്. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുളളതായാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ മർദ്ദനമേറ്റതിന് സൂചനകളില്ല. ളാഹക്കും പ്ലാപ്പിളളിക്കും ഇടയിൽ കമ്പകത്തുംവളവിലെ കൊക്കയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് തന്നെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന മൊപ്പെഡ് മോട്ടോർസൈക്കിളും കണ്ടെത്തി.
ശിവദാസനെ കാണാനില്ലെന്ന് മകൻ ഒക്ടോബർ 25 നാണ് പന്തളം പൊലീസിൽ പരാതിപ്പെട്ടത്. അതേസമയം ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്ക് എതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.