ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും ബാബറി മസ്ജിദിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

1996 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ‘ഹെഡ് ബാന്‍ഡ്’ ധരിച്ചവരെന്ന് ഓര്‍ക്കണമെന്ന് സീതാറാം യെച്ചൂരി. ശബരിമലയിലെ കാഴ്ചകള്‍ ബാബ്‌റി മസ്ജിദിനെ ഓര്‍മിപ്പിയ്ക്കുന്നതാണ്. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും എന്നും യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ആദ്യം നിലപാടെടുത്ത മോഹന്‍ ഭാഗവത് ഇപ്പോള്‍ അഭിപ്രായം മാറ്റി പറയുന്നതെങ്ങനെയാണെന്ന് യെച്ചൂരി ചോദിച്ചു. മോഹന്‍ഭാഗവതിന്റെ ഈ നയം ഇരട്ടത്താപ്പാണെന്നും മുത്തലാഖ് വിഷയത്തില്‍ മതവികാരം കണക്കിലെടുക്കാതെയല്ലേ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുത്തതെന്നും യെച്ചൂരി ചോദിച്ചു.

സുപ്രീംകോടതി വിധി നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഇത് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും അറിയാവുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ലിംഗനീതിയെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശത്തിലൂന്നിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും നിലനില്‍ക്കില്ലെന്ന കാര്യം വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ