ന്യൂഡല്‍ഹി: പി.കെ.ശശി എംഎല്‍എയ്‌ക്കെതിരായ പാര്‍ട്ടി നടപടി അംഗീകരിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ചെറിയ ശിക്ഷയല്ലെന്നും തിരികെ വരുമ്പോള്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കുമെന്നും പഴയ പദവികളുണ്ടാകണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ശശി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിക്കുന്നുവെന്ന ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ പ്രസ്താവനയോടും യെച്ചൂരി പ്രതികരിച്ചു. സ്റ്റാലിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മുന്നണിയും നേതാവുമെല്ലാം 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

അതേസമയം, 2004 ല്‍ നേരിട്ട അതേ തിരിച്ചടി തന്നെയാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ കാത്തിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

”മോദിക്കെതിരെ പ്രതിപക്ഷത്ത് നിന്ന് ആര് എന്നാണ് ഇന്ന് ബിജെപി ചോദിച്ചുകൊണ്ടിരിക്കുന്നത്. 2003 ല്‍ അവര്‍ ചോദിച്ചത് വാജ്പേയിക്കെതിരെ ആര് എന്ന ചോദ്യമായിരുന്നു. അന്നത്തെ ഫലം നമ്മള്‍ എല്ലാം കണ്ടതാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലിരുന്നത് മന്‍മോഹന്‍ സിങ്ങായിരുന്നു. 2004 ല്‍ ബിജെപി ഏത് വിധമാണോ തിരിച്ചടി നേരിട്ടത്, അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത്” യെച്ചൂരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.