കൊച്ചി: ഇന്ത്യയിലെ അറിയപ്പെടാത്ത കലാകാരന്മാർക്ക് സ്വന്തം കഴിവു പ്രകടിപ്പിക്കാനുള്ള രാജ്യാന്തര വേദിയായി കൊച്ചി-മുസിരിസ് ബിനാലെ മാറുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആസ്പിന്‍വാള്‍ ഹൗസിലെ ബിനാലെ വേദിയിലെത്തിയ യെച്ചൂരി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ ഒരേ വേദിയില്‍ അണിനിരക്കുന്നതിനെ പ്രശംസിച്ചു. ബാപി ദാസിന്‍റെ എംബ്രോയിഡറിയോടുള്ള തന്‍റെ ഇഷ്ടം യെച്ചൂരി മറച്ചുവച്ചില്ല. വളര്‍ന്നുവരുന്ന ഇന്ത്യന്‍ കലാകാരന്മാരുടെ മികച്ച സൃഷ്ടികള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.

ബിനാലെ എന്ന നൂതനാശയം 2010-ല്‍ മുന്നോട്ടുവയ്ക്കപ്പെട്ടതുമുതല്‍ തനിക്ക് അതുമായി ബന്ധമുണ്ടെന്ന് യെച്ചൂരി ഓര്‍മിച്ചു. അന്ന് സംസ്കാരിക മന്ത്രാലയത്തിന്‍റെ കൂടി മേല്‍നോട്ടമുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു ഞാന്‍. വലിയൊരു പ്രോജക്ടായതുകൊണ്ട് കേന്ദ്രസര്‍ക്കാരും അന്ന് ബിനാലെയുടെ ഭാഗമായിരുന്നു. എന്നാല്‍ കേരളത്തില്‍ ബിനാലെ സാധ്യമാകുമോ എന്നും അത് സുസ്ഥിരമാകുമോ എന്നും അന്ന് സംശയമുണ്ടായിരുന്നു. ആ സംശയങ്ങളെല്ലാം ഇന്ന് ദൂരീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നാലാം ബിനാലെയില്‍ ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍ വില്യം കെന്‍ട്രിഡ്ജിന്‍റെ സൃഷ്ടി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യമായാണ് അദ്ദേഹത്തിന്‍റെ സൃഷ്ടിക്കു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ആ സൃഷ്ടി ഏറെ ഇഷ്ടപ്പെട്ടെന്ന് യെച്ചൂരി പറഞ്ഞു.

ചരിത്രമുറങ്ങുന്ന ആസ്പിന്‍വാള്‍ ഹൗസ് ബിനാലെയുടെ സ്ഥിരം വേദിയാകുന്നതിന്‍റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് യെച്ചൂരി പറഞ്ഞത്, വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആസ്പിന്‍വാള്‍ ഹൗസ് ഏറ്റെടുക്കാന്‍ ശ്രമം നടന്നെങ്കിലും നിയമക്കുരുക്കുകള്‍ കാരണം കഴിഞ്ഞില്ല എന്നാണ്. വെയര്‍ഹൗസുകളിലാണ് ലോകത്തിലെ പ്രശസ്തമായ പല മ്യൂസിയങ്ങളും ജന്മമെടുത്തത്. അതുകൊണ്ടുതന്നെ ആസ്പിന്‍വാള്‍ ഹൗസ് ബിനാലെയ്ക്ക് ഏറ്റവും അനുയോജ്യമായ വേദിയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്യവല്‍കരിക്കപ്പെടാത്ത തരത്തിലുള്ള ആശയവുമായെത്തിയ നാലാം ബിനാലെ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്ന് പ്രമുഖ അഭിഭാഷകയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ജ്യോതിക കല്‍റ പറഞ്ഞു. എല്ലാവരും ബിനാലെയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.