കണ്ണൂര്‍: സമൂഹത്തില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ് ഇടതുപാര്‍ട്ടികളുടെ മുഖ്യലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനായി ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്നും വിശാല മതേതര സഖ്യമുണ്ടാക്കുമെന്നും യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദുത്വശക്തികളെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് വേണം. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന ഹിന്ദുത്വശക്തികളുടെ വെല്ലുവിളി മറികടക്കാന്‍ മതേതര നിലപാടുകള്‍ക്കേ കഴിയൂ. മതേതര പാര്‍ട്ടികള്‍ പരമാവധി ഒന്നിച്ചുനില്‍ക്കണം. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ശക്തികള്‍ വളരും. വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുകയും ചെയ്യും.
സിപിഎം വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണു സ്വീകരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണു മുഖ്യലക്ഷ്യം. എന്തു കൊണ്ടാണ് കോണ്‍ഗ്രസില്‍നിന്നു നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Also Read: കെ.വി തോമസിന്റെ തീരുമാനം സ്വാഗതാർഹമെന്ന് ജയരാജൻ; ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമെന്ന് ഉണ്ണിത്താൻ
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ദേശീയതലത്തില്‍ വിശാല സഖ്യമുണ്ടാകില്ല. ബിജെപിക്കെതിരായ മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്നോ വേണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ല. മതേതരത്വം സംരക്ഷിക്കുന്നതു സംബന്ധിച്ച സെമിനാറില്‍ ക്ഷണിച്ചിട്ട് പോലും പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. അങ്ങനെയുള്ളവരെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് എങ്ങനെ ക്ഷണിക്കുമെന്നും ചോദ്യത്തിനു മറുപടിയായി യെച്ചൂരി പറഞ്ഞു. കെ.വി തോമസ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പൂര്‍ണമായ കാര്യങ്ങള്‍ മനസിലാകൂയെന്നും യെച്ചൂരി പറഞ്ഞു. പദ്ധതി സംബന്ധിച്ച നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പോളിറ്റ് ബ്യൂറോ ഇടപെടാറില്ല. പ്രശ്നം ഉണ്ടാകുമ്പോഴാണ് പാര്‍ട്ടി നയം വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.