/indian-express-malayalam/media/media_files/uploads/2018/02/pinarayi-vijayan-cats.jpg)
തൃശൂര്‍:പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂണ്ടിക്കാട്ടാൻ പോലും വിഭാഗീയതയുടെ തുരുത്തുകൾ ഇപ്പോൾ പാർട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
'വിഭാഗീയതയെ നേരിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി. വിഭാഗീയതയുടെ ഭാഗമായി നിന്നവർ സ്വയം ധാരണയനുസരിച്ച് തിരിച്ചെത്തി. ഇനി പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവുണ്ടാകാൻ പാടില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മാത്രമാണ് താനടക്കം എല്ലാവരും ചെയ്യുന്നത്. പാർട്ടിക്ക് കീഴ്പ്പെട്ടും വഴിപ്പെട്ടും മാത്രമാണ് താൻ പ്രവർത്തിക്കുന്നത്'. പിണറായി പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴും വിഭാഗീയത ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരള ജനത തിരസ്കരിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേര്‍ത്തു.
കാൽ ലക്ഷം പേർ പങ്കെടുത്ത സിപിഎം റെഡ് വോളന്റിയർ മാർച്ച് തൃശൂരിനെ അക്ഷരാർഥത്തിൽ ചെങ്കടലാക്കി. നഗരത്തിലെ നാലു സ്ഥലങ്ങളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് ചുവപ്പൊഴുകി. ശക്തൻ നഗർ, കിഴക്കേ കോട്ട, പടിഞ്ഞാറേകോട്ട എന്നിവടങ്ങളിൽ നിന്നും മാർച്ച് ആരംഭിച്ചു. രണ്ടായിരത്തോളം പ്രദേശങ്ങളില്‍ നിന്നാണ് വോളന്റിയര്‍മാര്‍ എത്തിയത്.
ആക്രമണം പാര്‍ട്ടിയുടെ നയമല്ലെന്ന് സീതാറാം യെച്ചൂരി സമാപന സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. അക്രമരാഷ്ട്രീയം പാര്‍ട്ടിയുടെ പാതയല്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഒരു തരത്തിലുളള ഭിന്നതയും പാര്‍ട്ടിയില്‍ ഇല്ല. തെറ്റ് പറ്റിയെങ്കില്‍ തിരുത്തും', യെച്ചൂരി വ്യക്തമാക്കി.
'കോണ്‍ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ല. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പറഞ്ഞു സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്ഗ്രസിനോടുള്ളതെന്നും കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണെന്നും കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാർക്സിസ്റ്റ് വിരുദ്ധ മുന്നണിക്കു കേരളത്തിൽ പ്രസക്തിയില്ലെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാര പ്രകടനങ്ങളാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമങ്ങൾകൊണ്ടല്ല. പുതിയ സാഹചര്യത്തിൽ അക്രമങ്ങൾകൊണ്ട് പാർട്ടിക്കാണു നഷ്ടം. ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.